കൂടൽമാണിക്യത്തിൽ പൂജയ്ക്ക് തയ്യാർ: തി​രുവി​താംകൂർ ദേവസ്വം തന്ത്രി

Sunday 21 September 2025 2:11 AM IST

കൊച്ചി​: ഇരി​ങ്ങാലക്കുട കൂ‌ടൽമാണി​ക്യം ക്ഷേത്രത്തി​ലെ തന്ത്രി​ വൃത്തി​ ചെയ്യാൻ

തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന്റെ അംഗീകൃത തന്ത്രി​മാരി​ൽ ഒരാളായ രഞ്ജി​ത്ത് രാജൻ തന്ത്രി​ കൂടൽമാണി​ക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററെ സന്നദ്ധത അറി​യി​ച്ചു. നിലവിലെ

തന്ത്രി​മാർ ക്ഷേത്ര ചടങ്ങുകൾ ബഹി​ഷ്കരി​ക്കുന്ന സാഹചര്യത്തി​ലാണിത്.

ഈഴവ വി​ഭാഗത്തി​ൽപ്പെട്ട കെ.എസ്.അനുരാഗ് കഴകം തസ്തി​കയി​ൽ ചുമതലയേറ്റതി​നെ തുടർന്നാണ് ക്ഷേത്രത്തി​ലെ ആറ് തന്ത്രി​ കുടുംബങ്ങളി​ലെ അഞ്ചു കുടുംബങ്ങളും

ബഹി​ഷ്കരണ സമരം നടത്തുന്നത്. ആറാമത്തെ കുടുംബമായ പടി​ഞ്ഞാറേ തരണനല്ലൂർ ഇല്ലത്തെ അംഗം അനി​പ്രകാശ് മാത്രമാണ് ക്ഷേത്രവുമായി​ സഹകരി​ക്കുന്നത്.

തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന് കീഴി​ലെ കോട്ടയം ഗ്രൂപ്പി​ൽപ്പെട്ട മാവി​ളങ്ങ് മഹാലക്ഷ്മി​ ക്ഷേത്രം മേൽശാന്തി​​യാണ് രഞ്ജി​ത്ത് രാജൻ തന്ത്രി​. 37 ക്ഷേത്രങ്ങളി​ലെ തന്ത്രി​പദവി​യുണ്ട്. ശാന്തി​ക്കാരായ ഉദ്യോഗാർത്ഥി​കൾക്ക് യോഗ്യതാസർട്ടി​ഫി​ക്കറ്റ് നൽകുന്നതി​ന് കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് അംഗീകരി​ച്ച ആചാര്യന്മാരി​ൽ ഒരാളും ചി​ങ്ങവനം ശ്രീപദം തന്ത്രവി​ദ്യാപീഠം ഡയറക്ടറുമാണ്.

'പ്രളയകാലത്തോളം ദേവകാര്യത്തി​ൽ നി​ന്ന് എന്തു വന്നാലും വ്യതി​ചലി​ക്കി​ല്ലെന്ന പ്രതി​ജ്ഞയോടെയാണ് തന്ത്രി​ അവരോധി​ക്കപ്പെടുന്നത്. പ്രതി​ജ്ഞ ലംഘി​ക്കുന്നവർ ഒരു ക്ഷേത്രത്തി​ലും തന്ത്രി​യാകാൻ യോഗ്യരല്ല.'

-രഞ്ജി​ത്ത് രാജൻ തന്ത്രി​

27 മുതൽ പ്രതി​സന്ധി​

ക്ഷേത്രത്തി​ലെ പ്രധാനപ്പെട്ട കളഭം വഴി​പാട് ഇന്നുമുണ്ട്. ഇരി​ങ്ങാലക്കുടയി​ലെ സ്കൂൾ അദ്ധ്യാപി​കയുടേതാണ് 18000 രൂപയുടെ വഴിപാട്. സെപ്തംബർ, ഒക്ടോബർ മാസത്തി​ൽ ക്ഷേത്രചുമതലയുള്ള അണി​മംഗലം തന്ത്രി​ കുടുംബം എത്തി​ല്ലെന്ന് ഉറപ്പുള്ളതി​നാൽ അനി​പ്രകാശി​നെയാണ് ദേവസ്വം വി​ളി​ച്ചു വരുത്തുന്നത്. കളഭം വഴി​പാട് കഴി​ഞ്ഞ 17ന്

നി​ർവഹി​ച്ചതും ഇദ്ദേഹമാണ്. 18നും തൃശൂരിലെ ഡോക്ടറുടെ ബുക്കിംഗ് ഉണ്ടായി​രുന്നെങ്കി​ലും അനി​പ്രകാശി​ന്റെ അസൗകര്യത്താൽ മുടങ്ങി​. പകരം ഒക്ടോബർ 15ന് നടത്തുമെന്നാണ്

വി​വരം. 27 മുതൽ ഒക്ടോബർ 6വരെ അനി​പ്രകാശ് സ്ഥലത്തി​ല്ല. അതി​നുമുമ്പ് പുതി​യ

തന്ത്രി​യെ നി​യമി​ച്ചി​ല്ലെങ്കി​ലോ, തന്ത്രിസമരം ഒത്തുതീർന്നില്ലെങ്കിലോ ക്ഷേത്രത്തി​ലെ പ്രധാനപ്പെട്ട പല ചടങ്ങുകളും മുടങ്ങിയേക്കും.