ശാന്തിയും സമാധാനവും തകർക്കാൻ ശ്രമം : മുഖ്യമന്ത്രി
അടൂർ: ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കൾ കേരള സമൂഹത്തിന്റെ ശാന്തിയും സമാധാനവും അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികവും സഭാ സംഗമത്തോടനുബന്ധിച്ചുള്ള മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേകശതാബ്ദി ആഘോഷ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നുവെന്നാണ്. യേശുവിനെ സമാധാനത്തിന്റെ രാജകുമാരനായാണ് ക്രൈസ്തവർ കാണുന്നത്. നമ്മുടെ നാട് ഇന്നത്തെ നിലയിലേക്കെത്തുന്നതിൽ മാർ ഇവാനിയോസിന്റെ സംഭാവന വളരെ വലുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനായി. മന്ത്രി വീണാ ജോർജ്, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പ്രസംഗിച്ചു.