ആശങ്കയായി അമീബിക്  മസ്തിഷ്‌ക  ജ്വരം; കോഴിക്കോട് ചികിത്സയിലുള്ളത് ഒൻപത് പേർ

Sunday 21 September 2025 6:58 AM IST

കോഴിക്കോട്: കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പതിമൂന്നുകാരന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ഒൻപത് പേരാണ് രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഒന്നരമാസത്തിനിടെ ഏഴുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടത്.

കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി റഹിം (59) മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യവിഭാഗവും ജില്ലാ ഭരണകൂടവും കനത്തജാഗ്രതയിലാണ്. ജില്ലയിലെ എല്ലാ കുടിവെള്ള സ്രോതസും ക്ലോറിനേറ്റ് ചെയ്യാൻ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. 27, 28 തീയതികളിൽ ജില്ലയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തും. മുഴുവൻ വീട്ടിലേക്കും ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ലഘുലേഖകളും വിതരണം ചെയ്യും. രോഗം പടരുന്നത് തടയാനായി ജില്ലയിൽ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം.

സ്‌കൂളുകളിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നൽകും. ജല പരിശോധനാ ലാബുകളുള്ള മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ലാബുകളിൽ വിദ്യാർത്ഥികൾക്ക് വീടുകളിൽ നിന്നുള്ള വെള്ളം കൊണ്ടുവന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.