വെറും കൈയ്യോടെ മടക്കം
ടോക്യോ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് വെറും കൈയോടെ ഇന്ത്യൻ സംഘത്തിന് മടക്കം. ഇന്നലെ സർവിൻ സെബാസ്റ്റ്യൻ മത്സരിച്ച പുരുഷൻമാരുടെ 20 കി.മീ റേസ് വാക്കോടെ ഇത്തവണത്തെ ലോക അത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. മത്സരത്തിൽ സെർവിൻ (1:23.03) 31-ാമതാണ് ഫിനിഷ് ചെയ്തത്. ആകെ 48 പേരാണ് മത്സരിച്ചത്. ഇതോടെ ഇത്തവണ ഒരു മെഡൽ പോലും നേടാതെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യൻ നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കഴിഞ്ഞ തവണ സ്വർണവും അതിന് മുൻപ് വെള്ളിയും നേടി ഇന്ത്യയുടെ അഭിമാനമായ നീരജിന് പരിക്കാണ് ഇത്തവണ വില്ലനായത്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നാലാം സ്ഥാനം നേടിയ സച്ചിൻ യാദവാണ ്ഇത്തവണത്തെ ഇന്ത്യൻ സംഘത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം. ലോകഅത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ സർവേഷ് കുഷാരെയും തിളങ്ങി. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കുഷാരെ 2.28 മീറ്റർ ചാടി കരിയർ ബെസ്റ്റ് പ്രകടനമാണ് പുറത്തെടുത്തത്. 19 താരങ്ങളാണ് ഇത്തവണ ലോക അത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്സിയിൽ പോരിനിറങ്ങിയത്.15ഇനങ്ങളിലാണ് ഇന്ത്യൻ സാന്നിധ്യമുണ്ടായിരുന്നത്. മലയാളി താരങ്ങളായ ട്രിപ്പിൾ ജമ്പ് തരം അബ്ദുള്ള അബൂബക്കറിനും ലോംഗ് ജമ്പ് താരം എം.ശ്രീശങ്കറിനും ഫൈനലിൽ എത്താനായില്ല. പലതാരങ്ങളും ടോക്യോയിൽ സീസൺ ബെസ്റ്റ് പ്രകടനങ്ങളേക്കാൾ ഏറെ താഴെ പോയി. മീറ്റ് ഇന്നവസാനിക്കും. മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജും (2003)പിന്നീട് നീരജ് ചോപ്രയുമാണ് ലോക അത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.