സൂപ്പർ സൺഡേ

Sunday 21 September 2025 7:50 AM IST

ദുബായ്: കളിക്കുപുറത്തുള്ല പ്രശ്നങ്ങൾ കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും മുഖാമുഖം വരുന്ന ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരം ഇന്ന്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.

പൈക്രോഫ്റ്റും പാകിസ്ഥാനും​

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയ മത്സരത്തിൽ ഉയർന്ന ഹസ്തദാന വിവാദം പാകിസ്ഥാൻ വലിയ വിഷയമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇരുടീമും വീണ്ടും കളിക്കളത്തിൽ മുഖാമുഖം വരുന്നത്. ഇന്നലെയും പാകിസ്ഥാൻ ടീം മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനം റദ്ദാക്കി. ഹസ്‌തദാന വിവാദത്തിന്റെ പേരിൽ ആരോപണ വിധേയനായ മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റ് തന്നെയാകും ഇന്നത്തെ മത്സരത്തിലേയും മാച്ച് റഫറി എന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് പാക് ടീം പത്രസമ്മേളനം ബഹി‌ഷ്കരിച്ചതെന്നറിയുന്നു.

ഇന്ത്യ - പാക് ഗ്രൂപ്പ് മത്സരത്തിലെ മാച്ച് റഫറിയായിരുന്നു പെക്രോഫ്റ്റ്. മത്സരത്തിൽ ഹസ്‌തദാനം ചെയ്യാൻ വിസമ്മതിച്ച ഇന്ത്യൻ താരങ്ങളുടെ നടപടിയെ പൈക്രോഫ്‌റ്റ് പിന്തുണച്ചെന്നും ഇന്ത്യൻ താരങ്ങൾക്ക് ഹസ്‌തദാനം നൽകേണ്ടതില്ലെന്ന് അദ്ദേഹം ക്യാപ്ടൻ സൽമാൻ അലി ആഗയോ പറഞ്ഞന്നുമായിരുന്നു പാകിസ്ഥാന്റെ ആരോപണം. പൈക്രോഫ്‌റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി)​ ഉൾപ്പെടെ പാകിസ്ഥാൻ പരാതി നൽകിയെങ്കിലും അവർക്ക് അനുകൂലമായില്ല കാര്യങ്ങൾ. ഇതോടെ യു.എ.ഇക്കെതിരായ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനം റദ്ദാക്കുകയും മൈതാനത്തേക്ക് വരാതെ പാക് ടീം ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. ഐ.സി.സി വടിയെടുത്തതിനെ തുടർന്ന് പാക് ടീം ഗ്രൗണ്ടിലെത്തുകയും ഒരുമണിക്കൂർ വൈകി മത്സരം ആരംഭിക്കുകയും ചെയ്തു. ആ മത്സരത്തിലും പെക്രോഫ്‌റ്റായിരുന്നു മാച്ച് റഫറി.

ഇന്നും ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാൻ തയ്യാറായേക്കില്ല. അതേസമയം മത്സരത്തലേന്ന് ടീം മാനസീകമായി പതറാതിരിക്കാൻ സൈക്കോളജിസ്റ്റിനെ വരെ പാകിസ്ഥാൻ ക്യാമ്പിലെത്തിച്ചെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തോടെയാണ് ചിരവൈരികളായ ഇരുരാജ്യങ്ങളും തമ്മിലുള്ല ബന്ധം കൂടുതൽ വഷളായത്. ഇതിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ടമറുപടി കൊടുത്തു. ഏഷ്യാകപ്പിൽ ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് വിസമ്മതിച്ചതും പാകിസ്ഥാന് വലിയ ക്ഷീണമായി.

മുൻതൂക്കം ഇന്ത്യയ്ക്ക്

മത്സരത്തിൽ ഇന്ത്യയ്‌ക്ക് തന്നെയാണ് മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും മുഖാമുഖം വന്ന മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് ജയിച്ചത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാമൻമാരായാണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. ഇന്ത്യയോടെ തോറ്റ പാകിസ്ഥാൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ ജയിച്ചെങ്കിലും ആധികാരികമല്ലായിരുന്നു. ഇതിന് കാരണം ഒരു പരീക്ഷണ മത്സരമായായിരുന്നു ഇന്ത്യ ആ മത്സരത്തെ കണ്ടതിനാലാണെന്നാണ് വിലയിരുത്തൽ. മലയാളി താരം സഞ്ജു സാംസൺന്റെ ബാറ്റിംഗ് മികവാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയയത്. ഒമാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ അക്ഷർ പട്ടേൽ ഇന്ന് കളിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമായില്ല.

സാധ്യതാ ടീം

ഇന്ത്യ - അഭിഷേക്,​ ഗിൽ,​സഞ്ജു,​ സൂര്യ,​തിലക്,​ദുബെ,​ഹാർദിക്,​അക്ഷർ/ഹർഷിത്/അർഷ്‌ദീപ്,​ കുൽദീപ്,​ബുംറ,​ വരുൺ.

പാകിസ്ഥാൻ -അയൂബ്,​ഫർഹാൻ,​ഫഖർ,​സൽമാൻ,​ഹസൻ,​ഖുഷ്‌ദിൽ,​ഹാരീസ്,​നവാസ്,​ഷഫീൻ,​റൗഫ്,​അബ്രാർ.

ലൈവ് :

സോൺ ടെൻ സ്‌പോർട്സ് ചാനലുകളിലും സോണിലിവിലും ഹോട്ട് സ്റ്റാറിലും

ബംഗ്ലാദേശിന് ജയം

ദു​ബാ​യ്:​ ആവേശം അവസാന ഓവറോളം നീണ്ട ഏഷ്യാ കപ്പ് ​സൂ​പ്പ​ർ​ ​ഫോ​റി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ബം​ഗ്ലാ​ദേ​ശ് 4 വിക്കറ്റിന് ശ്രീലങ്കയെ കീഴടക്കി. ആ​ദ്യം​ ​ബാ​റ്റ് ​ചെ​‌​യ്‌​ത​ ​ശ്രീ​ല​ങ്ക​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 168​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (169/6)​. അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 5 റൺസ് മതിയായിരുന്നു. ആ ഓവർ എറിഞ്ഞ ഡസുൻ ഷനാകയ്‌ക്കെതിരെ ആദ്യ പന്തിൽ തന്നെ ജാക്കർ അലി (4)​ ഫോറടിച്ച് സ്കോർ ടൈ ആക്കി. എന്നാൽ പിന്നീട് ജാക്കർ അലിയേയും മഹദി ഹസനെയും (0)​ പുറത്താക്കി ഷനാക ലങ്കയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ സിംഗിളെടുത്ത് നസും അഹമ്മദ് ബംഗ്ലാദേശിന്റെ ജയമുറപ്പിച്ചു. ബംഗ്ലാദേസിനായി സയിഫ് ഹസ്സനും (61)​,​ തൗഹിദ് ഹൃദോയിയും (58)​ അർദ്ധ സെഞ്ച്വറി നേടി.

നേരത്തേ 37​ ​പ​ന്തി​ൽ​ 64​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന് ​ഡ​സു​ൻ​ ​ഷ​നാ​ക​യാ​ണ് ​ല​ങ്ക​ൻ​ ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ കു​ശാ​ൽ​ ​മെ​ൻ​ഡി​സ് ​(34​)​​,​​​ ​പ​തും​ ​നി​സ്സാ​ങ്ക​ ​(22​)​​,​​​ ​ക്യാ​പ്‌​ട​ൻ​ ​ച​രി​ത് ​അ​സ​ല​ങ്ക​ ​(21​)​​​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​മു​സ്ത​ഫി​സു​ർ​ ​റ​ഹ്‌​മാ​ൻ​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി. പിതാവിന്റെ സംസ്കാരടച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ദുനിത് വെല്ലാലെഗെ ഇന്നലെ ലങ്കയ്ക്കായി കളത്തിലിറങ്ങി.

ഇന്ത്യ പൊരുതി വീണു,​

ഓസ്ട്രേലിയയ്ക്ക് പരമ്പര

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. പരമ്പര 2-1ന് ഓസീസ് നേടി.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.5 ഓവറിൽ 412 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതിയെങ്കിലും 47ഓവ‍റിൽ 369 റൺസിന് ഓൾഔട്ടായി. അതിവേഗ സെഞ്ച്വറി നേടിയ സ്മൃതിയുടെ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകിയത്. സ്‌മൃതി 63 പന്തിൽ 17 ഫോറും 5 സിക്സും ഉൾപ്പെടെ 125 റൺസെടുത്തു.50 പന്തിലാണ് സ്‌മൃതി സെഞ്ച്വറി തികച്ചത്.ഒരിന്ത്യൻ ക്രിക്കറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. വിരാട് കൊഹ്‌ലിയുടെ (52)​ റെക്കാഡാണ് സ്‌മൃതി തകർത്തത്.