അയ്യപ്പ സംഗമം വൻവിജയം; ഒഴിഞ്ഞ കസേരകൾ എഐ നിർമ്മിതമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: വിമർശനങ്ങൾക്കിടയിലും അയ്യപ്പ സംഗമം ആഗോള വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂവായിരം പേര്‍ പങ്കെടുക്കേണ്ടിടത്ത് 4600 പേര്‍ പങ്കെടുത്തു. മറിച്ചുള്ളത് കള്ളപ്രചാരണമെന്നും എംവി ഗോവിന്ദൻ പറയുന്നു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഗമം പരാജയമെന്ന് പറയുന്നത് മാദ്ധ്യമങ്ങളുടെ പ്രചാരണമാണെന്നും ശുദ്ധ അസംബന്ധം പറയുന്നതിനും കളവ് പ്രചരിപ്പിക്കുന്നതിനും എന്തെങ്കിലും നാണവും മാനവും വേണ്ടേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു.
അതേസമയം ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് വച്ച് നടക്കും. സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് പകരമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 'ശബരിമല, വിശ്വാസം, വികസനം' എന്നതാണ് സംഗമത്തിന്റെ പ്രധാന വിഷയം. രാവിലെ നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷം ഭക്തജന സംഗമവും നടക്കും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ പരിപാടി വലിയ വിജയമായിരുന്നെന്നും, പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തെന്നും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു.