ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ്?: അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം
മുംബയ്: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് എത്താൻ സാദ്ധ്യത. ആഭ്യന്തര ടീമായ ഡൽഹിക്കായി കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്ത്യൻ കുപ്പായം അണിഞ്ഞ് ദേശീയ ടീമിൽ കളിച്ചിട്ടില്ല. ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് മൻഹാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലാണ് ഉന്നതതല യോഗം ചേർന്നത്.
ബിസിസിഐ ഭാരവാഹികളായ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്റ് സെക്രട്ടറി രോഹൻ ദേശായി, ട്രഷറർ പ്രഭ്തേജ് സിംഗ് ഭാട്ടിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഐപിഎൽ കമ്മീഷണർ അരുൺ സിംഗ് ധുമാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്നാണ് മിഥുന്റെ പേര് പരിഗണിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 21 ഞായറാഴ്ചയാണ്. സെപ്തംബർ 28നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ നിർഭാഗ്യവാന്മാരായ കളിക്കാരിൽ ഒരാളായാണ് മിഥുൻ മൻഹാസ് അറിയപ്പെടുന്നത്. 1997-98 സീസണിൽ ഡൽഹിക്കു വേണ്ടി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ സച്ചിൻ തെൻഡുൽക്കർ, വിവിഎസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് തുടങ്ങിയ വമ്പൻ താരങ്ങളുണ്ടായിരുന്നതിനാൽ ഇന്ത്യൻ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഡൽഹി ടീമിനെ നയിച്ച മൻഹാസിന്റെ ക്യാപ്റ്റൻസിയിൽ വിരാട് കൊഹ്ലി പോലും കളിച്ചിട്ടുണ്ട്. 2007-08 സീസണിൽ 57.56 ശരാശരിയിൽ 921 റൺസ് നേടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഗൗതം ഗംഭീർ നയിച്ച ഡൽഹി ടീം അക്കൊല്ലം രഞ്ജി ട്രോഫി കിരീടം നേടുകയും ചെയ്തു.
2015-ൽ മൻഹാസ് തന്റെ ജന്മനാടായ ജമ്മു കശ്മീരിലേക്ക് മാറി. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ച്വറികൾ ഉൾപ്പെടെ 9714 റൺസ് നേടിയിട്ടുണ്ട്. 130 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4126 റൺസും 91 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1170 റൺസും അദ്ദേഹം നേടി. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസിന്റെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ഭാഗമായിരുന്നു മൻഹാസ്. 2010 വരെ അദ്ദേഹം അതേ ഫ്രാഞ്ചൈസിയിൽ തന്നെ തുടർന്നു.
പിന്നീട് പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം 2014-ൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തി. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 22.34 ശരാശരിയിൽ 514 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.2017-ൽ പഞ്ചാബ് കിംഗ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായി. പിന്നീട് ബംഗ്ലാദേശ് അണ്ടർ 19 ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായും പ്രവർത്തിച്ചു. രണ്ട് വർഷത്തിന് ശേഷം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം തിരിച്ചെത്തിയിരുന്നു.