വനാതിർത്തിയിൽ ജഗജില്ലി ജണ്ടകൾ, നിർമ്മാണം ഫൈനൽ ലാപ്പിൽ

Monday 22 September 2025 12:41 AM IST

10714.09 കിലോമീറ്ററി​ൽ പണി പൂർത്തിയായി

ബാക്കിയുള്ളത് 840.6425 കിലോമീറ്റർ

കൊച്ചി: വനംകൈയേറ്റം തടയാൻ സ്ഥാപിക്കുന്ന കൂറ്റൻ അതിർത്തിക്കല്ലുകളുടെ (ജണ്ട) നിർമ്മാണം അവസാനലാപ്പിൽ. സംസ്ഥാനത്ത് 11554.74 കിലോമീറ്റർ വനാതിർത്തിയിലാണ് ജണ്ടകൾ നിർമ്മിക്കേണ്ടത്. ഇതിൽ 10714.0975 കിലോമീറ്ററിൽ പണി പൂർത്തിയായി. ബാക്കിയുള്ള ദൂരം വൈകാതെ പൂർത്തിയാക്കുമെന്ന് വനംവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

സർക്കാരി​ന്റെ സാമ്പത്തി​ക ഞെരുക്കത്താൽ അവസാനലാപ്പിലാണ് ജണ്ട നിർമ്മാണം മന്ദഗതിയിലായത്. 2020-21ൽ അതിവേഗത്തിലായിരുന്നു നിർമ്മാണം. ഇക്കാലയളവിൽ 5,934 ജണ്ടകൾ പൂർത്തിയാക്കി. പിറ്റേവർഷം പിന്നാക്കം പോയി. 1516 എണ്ണം. 2023-24ൽ 1528 ജണ്ടകൾ നിർമ്മിച്ചപ്പോൾ 2024-25കാലയളവിൽ വെറും 463 എണ്ണമായി കുറഞ്ഞു. ഈ വർഷവും കാര്യമായ നിർമ്മാണം നടന്നിട്ടില്ല. പദ്ധതിക്കായി കോടികൾ വയിരുത്തിയിരുന്നു.

കൈയേറ്രക്കാരുടെ ജണ്ട പൊളിക്കലും തകൃതിയാണ്. ഇത്തരം മേഖലയിൽ ഇവ വീണ്ടും നിർമ്മിക്കേണ്ടിവരുന്നതും ഇരട്ടിപ്പണിയാണ്. തട്ടിക്കൂട്ട് ജണ്ട നിർമ്മാണവും പിടിക്കപ്പെട്ടിട്ടുണ്ട്. കാട്ടിലെ ഉരുളൻകല്ലുകൾ പെറുക്കി ചെളിയിൽ അടുക്കിവച്ചശേഷം സിമന്റ് പൂശിയായിരുന്നു തട്ടിപ്പേറെയും.

കുഞ്ഞൻ പിരമിഡ്

സർക്കാർ ഭൂമിയുടെ അതിർവരമ്പുകൾ അടയാളപ്പെടുത്താൻ കരിങ്കല്ലുപയോഗി​ച്ച് കെട്ടിഉണ്ടാക്കുന്ന കുറ്റിയാണ് ജണ്ട. കോൺക്രീറ്റ് ജണ്ടകളും ഇപ്പോൾ നിർമ്മിച്ചുവരുന്നു. ഒന്നരമീറ്ററാണ് ഉയരം. അടിഭാഗത്ത് 120 സെന്റിമീറ്റർ വീതി. മുകളിലേക്ക് കുറഞ്ഞ് 60 സെന്റിമീറ്ററിൽ നിൽക്കും. വന്യജീവി ആക്രമണ സാദ്ധ്യതയുള്ളതിനാൽ നിർമ്മാണം നടക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാവലുമുണ്ടാകും.