അബ്ദുൾ റഹീമിന് ആശ്വാസം : വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സൗദി സുപ്രീംകോടതി തള്ളി, മോചനം അടുത്ത വർഷം
Sunday 21 September 2025 9:12 PM IST
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹിമിന് അടുത്ത വർഷം മോചനം ലഭിക്കുമെന്ന് ഉറപ്പായി. റഹീമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സൗദി സുപ്രീംകോടതി തള്ളിയതോടെയാണിത്. 20 വർഷം തടവ് ശിക്ഷ മതിയെന്ന കീഴ്ക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹർജി തള്ളിയതോടെ ഇനി റഹിമിന് എതിരെ മറ്റു നടപടികൾ ഉണ്ടാകില്ല. ജയിൽ ശിക്ഷ പൂർത്തിയാക്കി അടുത്ത വർഷം പുറത്തിറങ്ങാം.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൾ റഹിം ജയിലിൽ കഴിയുന്നത്. മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം നൽകിയതോടെ അബ്ദുൾ റഹിമിന്റെ വധശിക്ഷ കഴിഞ്ഞ ജൂലായ് രണ്ടിന് റദ്ദാക്കിയിരുന്നു. തുടർന്ന് 20 വർഷത്തേക്ക് കോടതി ശിക്ഷ വിധിച്ചു. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.