വോട്ടർ പട്ടിക അട്ടിമറിക്കാൻ ശ്രമിച്ചാൽ ജനാധിപത്യ രീതിയിൽ നേരിടും: അഡ്വ. സണ്ണി ജോസഫ്
കാസർകോട്: വോട്ടർ പട്ടിക പരിഷ്‌കരണം സുതാര്യവും നിഷ്പക്ഷവുമാക്കി, ജനാധിപത്യത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിന് പകരം ഭരണക്കാരുടെയും ഒത്താശക്കാരുടെയും സ്ഥാപിത താൽപ്പര്യങ്ങൾ മുൻനിർത്തി വോട്ടർ പട്ടികയിൽ നിന്നും ഏതെങ്കിലും വിഭാഗത്തിന്റെ പേരുകൾ നീക്കം ചെയ്ത് വോട്ടർ പട്ടിക അട്ടിമറിക്കാൻ ശ്രമിച്ചാൽ ജനാധിപത്യ രീതിയിൽ നേരിടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനു വേണ്ടി ഡി.സി.സി ഓഫീസിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി ഗൃഹസന്ദർശനം നടത്തി പത്ത് വർഷത്തെ ഇടതുപക്ഷത്തിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും പ്രചരണം നടത്തുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എം. അസിനാർ, കരിമ്പിൽ കൃഷ്ണൻ, കെ.വി ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ. എ. ഗോവിന്ദൻ നായർ, സാജിദ് മവ്വൽ, ജയിംസ് പന്തമാക്കൽ, അഡ്വ. കെ.കെ രാജേന്ദ്രൻ, ബി.പി പ്രദീപ് കുമാർ, ടോമി പ്ലാച്ചേരി, അഡ്വ. പി.വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി സുധാകരൻ, മാമുനി വിജയൻ, കെ.പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.