റിംഗ് കമ്പോസ്റ്റ് യൂനിറ്റ് നിർമ്മിക്കാൻ തൃക്കരിപ്പൂർ ഹരിത കർമ്മസേന

Monday 22 September 2025 12:20 AM IST
റിംഗ് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവൃത്തി ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിക്കുന്നു

തൃക്കരിപ്പൂർ: ഹരിത കർമ്മ സേന റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു വിതരണത്തിന് ഒരുങ്ങുന്നു. 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിത കർമ്മ സേനയ്ക്കായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത്.

റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലൂടെ ഹരിത കർമ്മ സേനയ്ക്ക് അധിക വരുമാനവും ഒപ്പം ഉന്നത ഗുണനിലവാരമുള്ള കമ്പോസ്റ്റ് യൂണിറ്റുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ മാത്രം വിതരണം ചെയ്യാനും പിന്നീട് ശുചിത്വ മിഷന്റെ അംഗീകാരം നേടി സമീപ പഞ്ചായത്തുകളിൽ കൂടി വിതരണം ചെയ്തു നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം 600 യൂണിറ്റുകൾ നിർമ്മിച്ച് വിവിധ വാർഡുകളിൽ വിതരണം ചെയ്യും.

നിലവിൽ തൃക്കരിപ്പൂരിൽ ഹരിത ഫ്‌ളവേഴ്‌സ്, ഹരിതം ഇനോക്കുലം യൂണിറ്റ്, ഉഷസ്സ് വെസ്സൽസ് റെന്റൽ യൂണിറ്റ്, തേജസ്സ് വെസ്സൽസ് റെന്റൽ യൂണിറ്റ് എന്നിങ്ങനെ നാലു സംരംഭങ്ങൾ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാം മികച്ച ലാഭവിഹിതവും നൽകുന്നുണ്ട്.

പദ്ധതിയുടെ പ്രവൃത്തി ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീത ഗണേഷ്, ഇ. ശശിധരൻ, ഫായിസ്, എം. രജീഷ് ബാബു, വി.പി സുനീറ, സാജിത സഫറുള്ള, കെ.എം ഫരീദാബീവി, എം.കെ ഹാജി, എം. അബ്ദുൽ ഷുക്കൂർ, നവകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ പി.വി ദേവരാജൻ, സെക്രട്ടറി പ്രമീള ബോബി, അസിസ്റ്റന്റ് സെക്രട്ടറി സിബി ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്.കെ പ്രസൂൺ, റാഷിദ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുപ്രിയ, കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റ് പി. രമ്യ, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീന, യമുന എന്നിവർ പങ്കെടുത്തു.