ബാറ്റിംഗ് മെച്ചപ്പെടുത്തി പാകിസ്ഥാന്‍; ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം

Sunday 21 September 2025 10:07 PM IST

ദുബായ്: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി പാകിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത അവര്‍ ഓപ്പണര്‍ ഷഹിബ്‌സദാ ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി 58(45) പ്രകടനത്തിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍താരം ജസ്പ്രീത് ബുംറ കണക്കിന് തല്ല് വാങ്ങിയതും ഒപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടതും പാകിസ്ഥാന് തുണയായി. നാലോവറുകളില്‍ നിന്ന് 45 റണ്‍സാണ് ബുംറ വഴങ്ങിയത്.

തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെടുന്ന ,യീം അയൂബിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ഫഖര്‍ സമന്‍ 15(9) ആണ് ഓപ്പണറുടെ റോളില്‍ ഫര്‍ഹാന് കൂട്ടായി എത്തിയത്. സയീം അയൂബ് 21(17) റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും നിറഞ്ഞതായിരുന്നു ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 91ന് ഒന്ന് എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ മദ്ധ്യ ഓവറുകളില്‍ ഇന്ത്യ കളി തിരിച്ചുപിടിച്ചു. 11-16 ഓവറുകളില്‍ 31 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മൂന്ന് വിക്കറ്റുകളാണ് ഈ ഘട്ടത്തില്‍ അവര്‍ക്ക് നഷ്ടമായത്.

ഹുസൈന്‍ തലാത് 10(11), മുഹമ്മദ് നവാസ് 21(19) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 17*(13), ഫഹീം അഷ്‌റഫ് 20*(8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ശിവം ദൂബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.