കലാ സംവിധായകൻ മക്കട ദേവദാസ് അന്തരിച്ചു
കോഴിക്കോട്: കലാ സംവിധാനായകൻ കോഴിക്കോട് ചെറുകുളം കുനിയിൽ മക്കട ദേവദാസ് (78) അന്തരിച്ചു. ഇന്നലെ രാവിലെ പതിനൊന്നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കുയിലിനെ തേടി,പ്രേംപൂജാരി,കാവൽമാടം,തിങ്കളാഴ്ച നല്ല ദിവസം,അയനം,ബ്രഹ്മരക്ഷസ്,തുമ്പോളി കടപ്പുറം,സന്ധ്യക്കെന്തിന് സിന്ദൂരം,കടമ്പ,വധു ഡോക്ടറാണ് തുടങ്ങി നൂറോളം സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചു. തമിഴിൽ മനതിലിനും നിരവധി ടെലി സീരിയലുകൾക്കും കലാസംവിധാനം ചെയ്തിട്ടുണ്ട്.
സുൽത്താൻ വീട്ടിലൂടെ സംസ്ഥാന ടെലിവിഷൻ അവാർഡും നേടി. മങ്കയാണ് അവസാനം ചെയ്ത ഹ്രസ്വ ചിത്രം. മുന്നൂറോളം ചിത്രങ്ങളുടെ തലക്കെട്ട് രൂപകല്പന ചെയ്തു. പെയിന്റിംഗിൽ ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന ദേവദാസ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് 'ശ്രീകല' സ്റ്റുഡിയോ നടത്തിയിരുന്നു. കായികതാരവും ശില്പിയും പെയിന്ററും അമ്മാവന്റെ മകനുമായ പുത്തലത്ത് രാഘവനിൽ നിന്നാണ് ദേവദാസ് പെയിന്റിംഗിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചത്. സിനിമയായിരുന്നു സ്വപ്നം. തുടർന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കത്തുമായി ചെന്നെെയിലേക്ക് തിരിച്ചു. സ്വയംവരം സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന രമേശിനുള്ളതായിരുന്നു കത്ത്. അവിടെയെത്തിയപ്പോൾ രമേശിനെ കണാനായില്ല. യാദൃച്ഛികമായി ചെമ്മീൻ സിനിമയുടെ വസ്ത്രാലങ്കാരം നടത്തിയ രാമചന്ദ്രനെ കണ്ടു. രാമചന്ദ്രനാണ് ദേവദാസിനെ സംവിധായകൻ പി.എൻ. മേനോന്റെ വീട്ടിലെത്തിച്ചത്. അവിടെ വച്ച് ഒരു സിനിമയുടെ ടൈറ്റിലെഴുതാൻ മേനോൻ ആവശ്യപ്പെട്ടു. എഴുതിയ ടൈറ്റിൽ ഇഷ്ടമായതോടെ മേനോൻ ദേവദാസിനെ കൂടെക്കൂട്ടി. തുടർന്നാണ് കലാ സംവിധാനത്തിലേക്ക് ദേവദാസ് എത്തിയത്. സംസ്കാരം ഇന്നലെ വെെകിട്ട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടത്തി. ഭാര്യ:തങ്കം. മകൾ:പ്രേംകല. മരുമകൻ:രമേശ് (യു.എസ്.എ).