വിരമിച്ചവർ ദിവസവേതനാടിസ്ഥാനത്തിൽ ... ലോക്കോ പൈലറ്റ് : സ്ഥിരം നിയമനമില്ല

Monday 22 September 2025 12:00 AM IST

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ ലോക്കോ റണ്ണിംഗ് തസ്‌തികയിൽ സ്ഥിരംനിയമനം നടക്കുന്നില്ലെന്നു പരാതി. നിലവിലുള്ള ഒഴിവുകളിൽ വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനാണ് നീക്കം.

16 സോണുകളിലായി ആകെ 1,45,230 ലോക്കോ റണ്ണിംഗ് തസ്തികകളാണ് റെയിൽവേയിലുള്ളത്.അതിൽ 33,174 ഒഴിവുകളാണ് നിലനിൽക്കുന്നത്. ചില സോണുകളിൽ 50 ശതമാനം വരെ സ്ഥിരംജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്. ട്രെയിൻസർവീസ് മുടങ്ങുമെന്ന അവസ്ഥ മുൻനിറുത്തി താത്‌കാലികക്കാരെ കുത്തിനിറയ്‌ക്കാനാണ് നീക്കം. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5848 ലോക്കോ റണ്ണിംഗ് തസ്തികകൾ ഉണ്ടെങ്കിലും 4,560 ജീവനക്കാർ മാത്രമേയുള്ളൂ. തിരുവനന്തപുരം ഡിവിഷനിൽ 134 , പാലക്കാട്-149, സേലം-195, മധുര - 149, തിരുച്ചിറപ്പള്ളി-159, ചെന്നൈ-521 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

2018 ലാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ നിയമനം അവസാനമായി നടന്നത്. 2024 ജനുവരിയിൽ 5,699 ഒഴിവിലേക്ക് വിജ്ഞാപനം വന്നിരുന്നു. എന്നാൽ അധികജോലിഭാരം ആരോപിച്ച് സംഘടനകൾ സമരം ആരംഭിച്ചതിന് ശേഷമാണ് 18,799 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറായത്. ഈ വർഷം ഉണ്ടാകുന്ന ഒഴിവുകൾ കൂടി കണക്കാക്കിയപ്പോൾ ആകെ ഒഴിവുകൾ 28,769 ആയി. ഷണ്ടിംഗിനും അനുബന്ധ ജോലികൾക്കുമായി താത്‌കാലികക്കാരെ നിയമിക്കുന്നതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.