ശബരിമല കർമ്മസമിതി: സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്
പന്തളം : ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. രാവിലെ മൂന്ന് സെഷനുകളിലായി സെമിനാറുകളും ഉച്ചയ്ക്ക് ശേഷം പൊതുസമ്മേളനവും നടക്കും.
പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിക്കും. ശബരിമല കർമസമിതി ചെയർപേഴ്സൺ കെ.പി.ശശികല അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ ദർശന രേഖ അവതരിപ്പിക്കും. തുടർന്ന് മൂന്ന് വിഷയങ്ങളെ അധികരിച്ച് സെമിനാർ നടക്കും. 1000പേർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴ ശ്രീവത്സം മൈതാനത്ത് നടക്കുന്ന സമ്മേളനം ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പി.എൻ. നാരായണവർമ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷൻ വൽസൻ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തും. സ്വാമി ശാന്താനന്ദ മഹർഷി, തേജസ്വിസൂര്യ എം.പി, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറൽ കൺവീനർ കെ.പി.ഹരിദാസ്, കൺവീനർ എസ്.ജെ.ആർ.കുമാർ എന്നിവർ പ്രസംഗിക്കും. 10000 പേർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
സെമിനാറുകൾ
1. ശബരിമലയുടെ വിശ്വാസം
വിഷയാവതരണം : സ്വാമി അയ്യപ്പദാസ് (ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി) 2.ശബരിമലയുടെ വികസനം.
വിഷയാവതരണം : അഡ്വ. ജി.രാമൻ നായർ
(തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്). 3.ശബരിമല സംരക്ഷണം.
വിഷയാവതരണം : ടി.പി.സെൻകുമാർ, (മുൻ ഡി.ജി.പി).