അമീബിക് മസ്‌തിഷ്‌ക ജ്വരം: ജലപീരങ്കിയിലും ആശങ്ക

Monday 22 September 2025 12:00 AM IST

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന പശ്ചാത്തലത്തിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക. സമരക്കാരെ തുരത്താൻ വെള്ളം ചീറ്റുമ്പോൾ മൂക്കിലൂടെ അണുബാധയുണ്ടാകാം.

കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമൊക്കെയാണ് വെള്ളം എടുക്കുന്നതത്രേ. പൊലീസ് ക്യാമ്പുകളിലെ ജലസ്രോതസുകൾ, വാട്ടർ അതോറിറ്റിയുടെ ജലസംഭരണികൾ എന്നിവിടങ്ങളിൽ നിന്നും വെള്ളമെടുക്കാറുണ്ട്. വാട്ടർ അതോറിറ്റി ടാങ്കുകൾ പലതും കൃത്യമായി ശുചീകരിക്കാത്തവയാണ്. അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ ജലാശയങ്ങളിലും കിണറുകളിലുമുള്ള ജല സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് എടുക്കുന്നുണ്ട്.

നീന്തൽ കുളങ്ങളും സാധാരണ കുളങ്ങളും കിണറുകളും ഉൾപ്പെടെയുള്ളവ ശുദ്ധീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ജലപീരങ്കിയിലെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ പൊലീസിന് മാർഗനിർദ്ദേശം നൽകണമെന്നാണ് ആവശ്യം.

ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ വെെസ് പ്രസിഡന്റ് സൽമാൻ ഒലിക്കൽ ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. അടുത്ത സിറ്റിംഗിൽ പരിഗണിക്കും.

ഭീഷണിയെന്ന് ആരോഗ്യ വിദഗ്ദ്ധരും

ജലപീരങ്കി പ്രയോഗത്തിലൂടെ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറാനിടയുണ്ട്. ശുദ്ധീകരിക്കാത്ത വെള്ളത്തിൽ കുളിക്കുമ്പോൾ പോലും മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.

ജലപീരങ്കി വരുൺ

സംഭരണശേഷി 12,000 ലിറ്റർ വരെ

വെള്ളം ചീറ്റുക 50 മീറ്റർ ദൂരം വരെ

മിനിറ്റിൽ ചീറ്റുന്നത്

2,000 മുതൽ 10,000 ലിറ്റർ വരെ

``ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റെയോ നിറമാണ്. വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണം.``

-സൽമാൻ ഒലിക്കൽ,

യൂത്ത് കോൺഗ്രസ്.