ശ്രീനാരായണ ഗുരു പരിഷ്കൃത സമൂഹത്തിലേക്ക് മാനവികതയെ കൈപിടിച്ചുയർത്തി: വി.എം.സുധീരൻ

Monday 22 September 2025 12:52 AM IST

ശിവഗിരി: പരിഷ്കൃത സമൂഹത്തിലേക്ക് മാനവികതയെ കൈപിടിച്ചുയർത്തിയ ദിവ്യ തേജസാണ് ശ്രീനാരായണഗുരുവെന്ന് മുൻ മന്ത്രി വി.എം സുധീരൻ. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഗുരു പ്രകോപനമുണ്ടാക്കാതെ സമൂഹത്തെ മാറ്റിമറിച്ചതെന്നും തന്റെ ആശയത്തിലേക്ക് അന്നത്തെ സമൂഹത്തെ കൊണ്ടുവരാൻ ഗുരുവിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ 98-ാമത് മഹാസമാധിയോടനുബന്ധിച്ച് ശിവഗിരിയിൽ മഹാപരിനിർവ്വാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധീരൻ. മനസിൽ അയിത്തമുള്ള സമൂഹമാണ് ഇന്ന് നിലനിൽക്കുന്നതെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണാധികാരികൾ ഒരു വശത്തും അഹിംസയുടെ പാത വിട്ടുള്ള അക്രമങ്ങൾ മറ്റൊരു വഴിക്ക് നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ആരോഗ്യത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഗുരു നിർദ്ദേശിച്ച പഞ്ചശുദ്ധിയാണ്. അതിലൂടെ പറയുന്ന ദർശനം എത്രയോ പ്രസക്തമാണ്. നിർഭാഗ്യവശാൽ ഗുരുധർമം പ്രചരിപ്പിക്കാൻ ബാദ്ധ്യസ്ഥരായ പലരും ഗുരുവിന്റെ സന്ദേശത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. മദ്യം ഉണ്ടാക്കരുതെന്നും കുടിക്കരുതെന്നും കൊടുക്കരുതെന്നുമാണ് ഗുരു പറഞ്ഞത്. എന്നാൽ, ലഹരിക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ സർക്കാരും മറ്റ് പ്രസ്ഥാനങ്ങളും നടത്തുമ്പോഴും മദ്യം എന്നൊരു വാക്കു പറയാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഭരണകൂടം മദ്യവ്യാപനത്തിന്റെ വക്താക്കളായി മാറുന്ന സ്ഥിതിയാണുള്ളതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.