സ്കേറ്റിംഗിൽ ആനന്ദിന് രണ്ടാം ലോക സ്വർണം
Sunday 21 September 2025 10:56 PM IST
ബെയ്ജിംഗ് : ചൈനയിൽ നടക്കുന്ന ലോക സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ തന്റെ രണ്ടാം സ്വർണം നേടി ചരിത്രമെഴുതി ഇന്ത്യൻതാരം ആനന്ദ്കുമാർ വേൽകുമാർ. ഇന്നലെ 42 കി.മീ മാരത്തോൺ ഇനത്തിലാണ് ആനന്ദ് കുമാർ സ്വർണം നേടിയത്. നേരത്തേ 1000 മീറ്ററിൽ സ്വർണവും 500 മീറ്ററിൽ വെങ്കലവും ആനന്ദ് നേടിയിരുന്നു. ചെന്നൈ ഗിണ്ടിയിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആനന്ദ് കുമാർ 2021ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 15 കിലോമീറ്റർ എലിമിനേഷൻ ഇനത്തിൽ വെള്ളി നേടിയിരുന്നു. ലോക സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡലായിരുന്നു ഇത്. ഈവർഷം ചെംഗ്ഡുവിൽ നടന്ന വേൾഡ് ഗെയിംസിൽ വെങ്കലവും നേടി.