വണ്ടിക്കൂലി കിട്ടിയില്ലെങ്കിലും സൗത്ത്സോൺ അത്‌ലറ്റിക്സിന് കേരള ടീം യാത്രതിരിച്ചു

Sunday 21 September 2025 10:56 PM IST

തിരുവനന്തപുരം : ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടക്കുന്ന സൗത്ത്സോൺ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം ഇന്നലെ യാത്ര തിരിച്ചു. യാത്രച്ചെലവ് നൽകേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിൽ ആയിനത്തിൽ ഒരു രൂപപോലും നൽകിയില്ലെങ്കിലും സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷനാണ് 57 വീതം ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന സംഘത്തിന് യാത്രാസൗകര്യം ഒരുക്കിയത്. ടീമിന് ഒരുസെറ്റ് അപ്പറും ലോവറും മാത്രമാണ് കൗൺസിലിൽ നിന്ന് നൽകിയത്. മത്സരത്തിന് ഗ്രൗണ്ടിൽ അണിനിരക്കാനുള്ള വസ്ത്രം വാങ്ങിനൽകിയത് അസോസിയേഷനാണ്.

സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.സി പിള്ള,ട്രഷറർ കെ.രാമചന്ദ്രൻ, ചീഫ് കോച്ച് ആർ. ജയകുമാർ, പരിശീലകരായ സി. വിനയചന്ദ്രൻ,ഷംനാദ്,സി. സബിത എന്നിവരടങ്ങിയ ഒഫിഷ്യൽ സംഘവും ടീമിനോടൊപ്പമുണ്ട്. കെ.രാമചന്ദ്രനാണ് ടീം മാനേജർ.