ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ മെഡൽ റിലേ

Sunday 21 September 2025 10:57 PM IST
athletics

സ്വർണവേട്ടയിൽ അമേരിക്കൻ ആധിപത്യം, രണ്ടാമത് കെനിയ, മെഡലില്ലാതെ ഇന്ത്യ

ടോക്യോ : ഒരിക്കൽക്കൂടി അമേരിക്കൻ മെഡൽ ആധിപത്യത്തിന് സാക്ഷ്യം വഹിച്ച് ജപ്പാനിലെ ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തിരിതാണു. 16 സ്വർണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമടക്കം 26 മെഡലുകൾ നേടിയാണ് അമേരിക്ക ചാമ്പ്യന്മാരായത്. 2023ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 12 സ്വർണമടക്കം 29 മെഡലുകളാണ് അമേരിക്ക നേടിയിരുന്നത്.

ഏഴ് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവുമടക്കം 11 മെഡലുകൾ നേടിയ കെനിയയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണം നേടിയ കാനഡ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ രണ്ട് വെങ്കലങ്ങൾ മാത്രം നേടാനായ ആതിഥേയരായ ജപ്പാൻ 39-ാം സ്ഥാനത്താണെത്തിയത്. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും നീരജ് ചോപ്രയിലൂടെ മെഡൽ നേടിയിരുന്ന ഇന്ത്യയ്ക്ക് ഇക്കുറി മെഡൽപ്പട്ടികയിൽ എത്താനേ കഴിഞ്ഞില്ല. ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനായിരുന്ന നീരജ് എട്ടാമതായത് ഇന്ത്യയ്ക്ക് വലിയ നിരാശയായി മാറി.

അവസാന ദിവസമായ ഇന്നലെ നടന്ന പുരുഷ വനിതാ 4-100 മീറ്റർ റിലേകളിലും വനിതകളുടെ 4-400 മീറ്റർ റിലേയിലും അമേരിക്കയാണ് സ്വർണം നേടിയത്. പുരുഷ 4-400 മീറ്റർ റിലേയിൽ ബോട്സ്വാന ചാമ്പ്യന്മാരായപ്പോൾ അമേരിക്കയ്ക്ക് വെള്ളി ലഭിച്ചു. ഇന്നലെ നടന്ന പുരുഷവിഭാഗം 5000 മീറ്ററിൽ അമേരിക്കയുടെ കാൾ ഹോക്കർ സ്വർണം നേടി. 12 മിനിട്ട് 58.30 സെക്കൻഡിലാണ് ഹോക്കർ പൊന്നണിഞ്ഞത്.ബെൽജിയത്തിന്റെ ഇസാക്ക് കിമേലി വെള്ളിയും ഫ്രാൻസിന്റെ ജിമ്മി ഗ്രേഷ്യർ വെങ്കലവും നേടി.

വനിതകളുടെ 800 മീറ്ററിൽ കെനിയയുടെ ലിലിയൻ ഒഡീര ചാമ്പ്യൻഷിപ്പ് റെക്കാഡോടെ സ്വർണം നേടി. ഒരുമിനിട്ട് 54.62 സെക്കൻഡിലാണ് ഒഡീര ഫിനിഷ് ചെയ്തത്.ബ്രിട്ടീഷുകാരികളായ ജോർജിയ ഹണ്ടർബെൽ വെള്ളിയും കീലി ഹോഡ്ജ് കിൻസൺ വെങ്കലവും നേടി. വനിതകളുടെ ഹൈജമ്പിൽ നിക്കോള ഒലിസ്‌ലാഗേഴ്സിനാണ് സ്വർണം. 2 മീറ്ററാണ് കീലി ക്ളിയർ ചെയ്ത ഉയരം. ഇതേഉയരം കൂടുതൽ ചാൻസുകളെടുത്ത് ക്ളിയർ ചെയ്ത പോളണ്ടിന്റെ മരിയ സോഡ്സിക് വെള്ളിയും 1.97 മീറ്റർ ക്ളിയർ ചെയ്ത ഉക്രെയ്ന്റെ യാരോസ്ളാവ മഹോഷിക് വെങ്കലവും നേടി.