അയ്യപ്പ സംഗമം പൊളിഞ്ഞു: വി.ഡി.സതീശൻ

Monday 22 September 2025 12:05 AM IST

തിരുവനന്തപുരം:രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്നും അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ ഇതാണ് വ്യക്തമാക്കുന്നത്. സർക്കാർ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേർ പോലുമെത്തിയില്ല. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതമെന്ന് ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാവരുതെന്നും സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകം ബോദ്ധ്യപ്പെട്ടതിനാലാണ് അയ്യപ്പ ഭക്തർ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും. സംഗമം ആഗോള വിജയമെന്നു പറഞ്ഞതിലൂടെ എം.വി .ഗോവിന്ദൻ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെപ്പോലെ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നതിന് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാക്കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്? ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. അയ്യപ്പ സംഗമത്തിൽ തത്വമസിയെയും ഭഗവദ് ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയൻ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല- സതീശൻ പറഞ്ഞു.