നഴ്സിംഗ് സ്ക്കൂൾ പ്രവേശനം : അഭിമുഖ പാനലിൽ കൗൺസിൽ അംഗങ്ങൾ പാടില്ല
തിരുവനന്തപുരം : സ്വകാര്യ നഴ്സിംഗ് സ്ക്കൂളുകളിലെ ജനറൽ നഴ്സിംഗ് പ്രവേശനത്തിനുള്ള അഭിമുഖ പാനലിൽ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്നത് വിലക്കി സർക്കാർ ഉത്തരവ്.
എം.എസ്‌സി നഴ്സിംഗ് യോഗ്യതയുള്ള, സർക്കാർ നഴ്സിംഗ് കോളേജുകളിലോ നഴ്സിംഗ് സ്‌കൂളുകളിലോ പത്തുവർഷത്തെ അദ്ധ്യാപന യോഗ്യതയുള്ളവരാണ് കൗൺസിൽ പ്രതിനിധികളെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിലുള്ളത്. സ്വാശ്രയ നഴ്സിംഗ് സ്‌കൂളുകൾ നേരിട്ട് അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയാണ് ജനറൽ നഴ്സിംഗ് പ്രവേശനം നടത്തുന്നത്. ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽ,നഴ്സിംഗ് സൂപ്രണ്ട്, മാനേജ്മെന്റ് പ്രതിനിധി, കൗൺസിൽ പ്രതിനിധി എന്നിവരടങ്ങുന്നതാണ് അഭിമുഖ പാനൽ. നേരത്തെ കൗൺസിൽ അദ്ധ്യാപകരെയാണ് നിയോഗിച്ചിരുന്നത്. 2019-20 വർഷം മുതലാണ് അംഗങ്ങൾ നേരിട്ടിറങ്ങിയത്. ഇത് അഴിമതിക്ക് വഴിവയ്ക്കുന്നതായി ആക്ഷേപമുയർന്നു. ബി.എസ്‌സി നഴ്സിംഗ് കോളേജുകളിൽ പ്രതിവർഷം നടത്തുന്ന മാനദണ്ഡപരിശോധനയ്ക്ക് കൗൺസിൽ പ്രതിനിധികളായി അംഗങ്ങൾ പോകുന്നതും സർക്കാർ വിലക്കിയിരുന്നു. അംഗങ്ങൾ നേരിട്ടെത്തുന്നതിനെതിരെ കോളേജ് മാനേജ്മെന്റുകളും രംഗത്തെത്തിയിരുന്നു. കോളേജുകളിലും സ്ക്കൂളുകളിലും അംഗങ്ങൾ പോകുന്നതിനെതിരെ മന്ത്രി വീണാജോർജ് കടുത്ത നിലപാടെടുത്തതോടെ കൗൺസിലിന്റെ മുൻഭരണസമിതിയുമായി പലവട്ടം ഏറ്റമുട്ടിയിരുന്നു. ഇതോടെ കൗൺസിൽ അംഗങ്ങൾ നഴ്സിംഗ് കോളേജുകളിലും സ്ക്കൂളുകളിലും നേരിട്ട് ഇടപടുന്ന സാഹചര്യങ്ങൾ ഇല്ലാതായി.