സർക്കാർ വാക്കുപാലിക്കാത്തതിൽ പ്രതിഷേധം.... ഗവ.മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ഇന്ന് കരിദിനം
തിരുവനന്തപുരം : പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കാത്തതിലും അടിക്കടിയുള്ള സ്ഥലംമാറ്റത്തിലും ശമ്പളത്തിലെ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർ ഇന്ന് കരിദിനമാചരിക്കും. നാളെ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.എം.ഇ ഓഫീസിലും ധർണ നടത്തും. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിലാണ് പ്രതിഷേധം. അനുകൂല നടപടിയില്ലെങ്കിൽ ഒ.പി സേവനങ്ങൾ ഉൾപ്പെടെ നിറുത്തിവച്ചുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.റോസനാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു. നേരത്തെ പലവട്ടം സമരത്തിനിറങ്ങിയെങ്കിലും സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ പിൻമാറുകയായിരുന്നു.
മറ്റു മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരെ താത്കാലികമായി സ്ഥലമാറ്റിയാണ് കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൾക്ക് അനുമതി നേടിയെടുത്തത്. അനുമതി ലഭിച്ചിട്ടും തസ്തികകൾ സൃഷ്ടിക്കാതെ പകരക്കാരെ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങാനാണ് ശ്രമം. ഇത് എല്ലാ മെഡിക്കൽ കോളേജുകളെയും പ്രതികൂലമായി ബാധിക്കും. കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങി മൂന്നു വർഷമായിട്ടും ആവശ്യത്തിന് അദ്ധ്യാപക തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ജില്ലകൾതോറും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്ന ദീർഘവീക്ഷണമില്ലാത്ത നയത്തിലൂടെ എൻ.എം.സി മാനദണ്ഡപ്രകാരം മതിയായ അദ്ധ്യാപകരില്ലാത്ത സ്ഥിതിയായി. പകിട കളിക്കുന്ന ലാഘവത്തോടെയാണ് അദ്ധ്യാപകരെ നിരന്തരം പുതിയ കോളേജുകളിലേക്ക് മാറ്റുന്നത്.
പുതിയതായി സർവീസിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർമാർക്കുണ്ടായ ശമ്പളക്കുറവ് യുവ ഡോക്ടർമാരെ ഈ മേഖലയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പല യുവ അദ്ധ്യാപകരെയും ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.നാലേമുക്കാൽ വർഷത്തെ ശമ്പള കുടിശ്ശിക ഇനിയും ലഭിച്ചിട്ടില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.