ഫാൽക്കെ നേട്ടത്തെക്കുറിച്ച് മോഹൻലാൽ: 'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ..."

Monday 22 September 2025 1:21 AM IST

കൊച്ചി​: 'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ..." ദാദാസാഹേബ് ഫാൽക്കെ അവാർഡിന്റെ സന്തോഷം നാടോടിക്കാറ്റിലെ ഹിറ്റ് ഡയലോഗിലൂടെ പങ്കുവച്ച് മോഹൻലാൽ. ഇന്നിലാണ് എന്റെ ജീവിതവും ചിന്തയും. അമിതമായ സന്തോഷമോ സങ്കടമോ ഇല്ല. അവാർഡിന്റെ ഭാരവും മനസിലില്ല. വലിയ സ്വപ്നങ്ങൾ കണ്ടാൽ നിരാശയുമുണ്ടാകാം.

അംഗീകാരം മലയാള സിനിമയ്‌ക്കു സമർപ്പിക്കുന്നു. ലൈറ്റ് ബോയ് മുതൽ സംവിധായകർ വരെയുള്ളവരുടെ പങ്ക് ഇതിനു പിന്നിലുണ്ട്. 48 വർഷമായി പ്രവർത്തിക്കുന്ന സിനിമയാണ് തന്റെ ഈശ്വരൻ. ഈശ്വരനും പ്രേക്ഷകർക്കും നന്ദി. അഭിനയം മാത്രമേ അറിയൂ. അതൊരു പ്രാർത്ഥനയാണ്.

എസ്.പി. പിള്ളയും തിക്കുറിശിയും മുതലുള്ള തലമുറകൾക്കൊപ്പം അഭിനയിച്ചു. ഇന്ത്യയിലെ വലിയ നടന്മാരായ പ്രേംനസീർ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, നാഗേശ്വരറാവു തുടങ്ങിയവരുമായി ബന്ധമുണ്ടാക്കാനും അഭിനയിക്കാനും ഭാഗ്യം ലഭിച്ച അപൂർവം ഒരാളാണ് താൻ.

ഭാഷാ പരിമിതി ഇപ്പോൾ ഇന്ത്യൻ സിനിമയ്‌ക്കില്ല. സിനിമയാണ് ഭാഷ. ഒറ്റയടിക്ക് 200 ഭാഷകളിലേക്ക് ഡബ് ചെയ്യാനാകും. പ്രമേയത്തിന്റെയും അവതരണത്തിന്റെയും കരുത്താണ് മലയാള സിനിമയെ ശ്രദ്ധേയമാക്കുന്നത്. സിനിമയിൽ 48 വർഷം വീഴാതെ നി​ൽക്കുക വലി​യ സർക്കസാണ്. അതി​ന് ഒരുപാടുപേരുടെ പി​ന്തുണ ലഭി​ച്ചു. വരാൻ പോകുന്ന സി​നി​മകൾ മഹത്തരമാകുമെന്ന പ്രതീക്ഷയൊന്നുമി​ല്ല. അടുത്ത ദി​വസം 'ദൃശ്യം" മൂന്നാം ഭാഗം ഷൂട്ടിംഗ് ആരംഭി​ക്കുമെന്നും മോഹൻലാൽ പറഞ്ഞു.

ക്രൗൺ​പ്ളാസ ഹോട്ടലി​ൽ നടന്ന ചടങ്ങിൽ ലാൽ കേക്കുമുറിച്ചു. നി​ർമ്മാതാക്കളായ ആന്റണി​ പെരുമ്പാവൂർ, രജപുത്ര രഞ്ജി​ത്ത് തുടങ്ങി​യവരും പങ്കെടുത്തു.

 'അമ്മയുടെ അനുഗ്രഹം വാങ്ങി"

കൊച്ചിയിലെത്തിയ ഉടൻ, സുഖമില്ലാത്ത അമ്മയെ ആദ്യം കണ്ട് അവാർഡ് വിവരം പറഞ്ഞ് അനുഗ്രഹം വാങ്ങിയെന്ന് മോഹൻലാൽ. അമ്മയുടെ സംസാരം അവ്യക്തമാണെങ്കിലും എനിക്ക് മനസിലാകും. അവാർഡുപോലെ അമൂല്യമാണ് അമ്മയുടെ സന്തോഷം. തന്റെയും അമ്മയുടെയും ഭാഗ്യമാണ് ഈ പുരസ്കാരമെന്നും മോഹൻലാൽ പറഞ്ഞു.

'പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് വിളിച്ചിരുന്നു. ഒന്നുകൂടി ആവർത്തിക്കാൻ പറഞ്ഞ് ബോദ്ധ്യപ്പെട്ടു. അഞ്ച് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും അവാർഡ് വിവരം ആദ്യം കേൾക്കുമ്പോൾ അവിശ്വസനീയമാണ്".

-മോഹൻലാൽ