ഗുരുഭക്തിയുടെ നിറവിൽ മഹാസമാധി ആചരണം
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധിദിനം ലോകമെങ്ങും ഭക്തിനിർഭരമായി ആചരിച്ചു. സമാധിസ്ഥാനമായ ശിവഗിരിയിലും ജന്മസ്ഥലമായ ചെമ്പഴന്തിയിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു സമാധിദിനാചരണം. നാടെങ്ങും ഗുരുദേവസൂക്തങ്ങളുടെ ആലാപനത്തോടെയും കഞ്ഞിവീഴ്‌ത്തലോടെയുമായിരുന്നു ആചരണം. വിവിധ പൂജകളും നടന്നു. രാവിലെ മുതൽ ഭക്തർ ഗുരുകൃതികൾ പാരായണം ചെയ്‌തു.
ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണ സമ്മേളനം സംഘടിപ്പിച്ചു. വൈകിട്ട് മഹാസമാധി പൂജയും സമൂഹ പ്രാർത്ഥനയും നടന്നു. ശിവഗിരി മഠത്തിൽ മഹാപരിനിർവ്വാണ സമ്മേളനമടക്കമുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. ശിവഗിരിയിലെ മഹാസമാധിയിൽ ആയിരക്കണക്കിന് ഗുരുഭക്തർ ഇന്നലെ ദർശനത്തിനെത്തി. വൈകിട്ട് ശാരദാ മഠത്തിൽ നിന്ന് ശാന്തി ഹോമത്തിനു ശേഷം കലശപ്രദക്ഷിണ യാത്ര തുടങ്ങി, കലശവുമായി മഹാസമാധിയിലെത്തി. പൂജകളോടെ മഹാസമാധി ആചരണ ചടങ്ങുകൾക്ക് സമാപ്തിയായി.