ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുന്നു : പി.എൻ.നാരായണവർമ്മ

Monday 22 September 2025 12:37 AM IST

പന്തളം : ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുകയാണെന്ന് ശബരിമല സംരക്ഷണസംഗമം സംഘാടക സമിതി പ്രസിഡന്റ് പി.എൻ.നാരായണവർമ്മ പറഞ്ഞു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭക്തർക്ക് സുഖകരവും സുരക്ഷിതവുമായ ദർശനമാണ് ഒരുക്കേണ്ടത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ വേണ്ടത്. ഭക്തരേക്കാൾ പ്രാമുഖ്യം വ്യാപാരികൾക്കാണ് ദേവസ്വം ബോർഡ് നൽകുന്നത്. അയ്യപ്പഭക്ത സംഘടനകളുടെ അന്നദാനം വിലക്കിയതോടെ തീർത്ഥാടകർക്ക് മോശം ഭക്ഷണം വിലകൊടുത്ത് വാങ്ങി കഴിക്കേണ്ട അവസ്ഥ സംജാതമായി. വനത്തിനും വന്യജീവികൾക്കും ദോഷം വരാത്ത തരത്തിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ ഒരുക്കാൻ കഴിയും എന്നകാര്യം സംഗമത്തിൽ ചർച്ചയാകും. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും സന്യാസി ശ്രേഷ്ഠരും വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും ഭക്തജനസംഘടനാ നേതാക്കളും ചർച്ചകളിൽ പങ്കെടുക്കും. ഇവിടെ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കൈമാറും. അയ്യപ്പഭക്ത സംഘടനകളുടെയും ഭക്തരുടെയും ആവശ്യപ്രകാരമാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും നാരയണ വർമ്മ പറഞ്ഞു.