വിസ നിയന്ത്രണത്തിൽ ചങ്കിടിച്ച് ഓഹരി വിപണി
ഐ.ടി, കയറ്റുമതി കമ്പനികൾക്ക് വെല്ലുവിളിയാകും
കൊച്ചി: അമേരിക്കയിൽ പുതുതായി ജോലി തേടിയെത്തുന്നവർക്ക് വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നെഞ്ചിടിപ്പ് സൃഷ്‌ടിക്കുന്നു. രാജ്യത്തെ മുൻനിര ഐ.ടി കമ്പനികൾക്ക് പുതിയ നീക്കം കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് 50 ശതമാനം നികുതി ഈടാക്കുന്നതിനാൽ കനത്ത പ്രതിസന്ധി നേരിടുന്ന കയറ്റുമതി മേഖലയ്ക്ക് വിസ ഫീസിലെ വർദ്ധന കനത്ത തിരിച്ചടി സൃഷ്‌ടിച്ചേക്കും. ഇന്ത്യയുടെ 28,500 കോടി ഡോളർ ഐ.ടി കയറ്റുമതിയെ ട്രംപിന്റെ നീക്കം പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
എന്നാൽ പുതിയ സാഹചര്യം ഇന്ത്യൻ കമ്പനികൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലും സജീവമാണ്. വൈദഗ്ദ്ധ്യമുള്ള മാനവ വിഭവശേഷി കുറഞ്ഞ ചെലവിൽ ലഭിക്കാൻ ഇതോടെ സാഹചര്യമൊരുങ്ങുകയാണ്. ഇന്ത്യൻ കമ്പനികൾക്ക് മികച്ച സാങ്കേതിക വിദഗ്ദ്ധരെ കുറഞ്ഞ ചെലവിൽ ലഭിക്കാൻ പുതിയ സാഹചര്യം സഹായിക്കുമെന്ന് നിക്ഷേപകർ പറയുന്നു.
നിക്ഷേപകർ കാത്തിരിക്കുന്നത്
അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാര ചർച്ചയുടെ പുരോഗതി
ചരക്ക് സേവന നികുതിയിലെ കുറവിൽ വിപണിയുടെ പ്രതികരണം
ആഗോള വിപണിയിലും രാഷ്‌ട്രീയത്തിലും ദൃശ്യമാകുന്ന ചലനങ്ങൾ
ക്രൂഡോയിൽ വില, രൂപയുടെ മൂല്യം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ
ഇന്ത്യൻ സംഘം അമേരിക്കയിലേക്ക്
വ്യാപാര കരാറിൽ അടിയന്തര തീരുമാനമുണ്ടാക്കാൻ വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ഇന്ന് അമേരിക്കയിലെത്തും. അടുത്ത രണ്ട് മാസത്തിനുള്ളിൽ അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച്.1 ബി വിസ ഫീസിലെ വർദ്ധനയും പുറംജോലി കരാറുകൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കവും ഇന്ത്യയും അമേരിക്കയുമായുള്ള വാണിജ്യ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
വിദേശ നിക്ഷേപകരുടെ നിലപാട് നിർണായകം
ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇന്ത്യയിലേക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടിയിലെ ഇളവും ആദായ നികുതിയിലെ കുറവും ഇന്ത്യൻ കമ്പനികൾക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.