ജി.എസ്.ടി ഇളവുകൾ ഉപഭോക്താക്കളുടെ കൈകളിലേക്ക്
ഉത്പന്ന വില കുറച്ച് മുൻനിര കമ്പനികൾ
കൊച്ചി: ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവ് ഉപഭോക്താക്കൾക്ക് പരമാവധി കൈമാറുന്നതിന് രാജ്യത്തെ എഫ്.എം.സി.ജി, വാഹന, ഇലക്ട്രോണിക്‌സ് കമ്പനികൾ നടപടി ആരംഭിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ, അമുൽ, ഐ.ടി.സി, മാരുതി സുസുക്കി, ഹുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഉത്പന്നങ്ങളുടെ വില കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചു. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്‌സ്, വ്യവസായ ഉപകരണങ്ങൾ, സിമന്റ്, നിത്യോപയോഗ സാധനങ്ങൾ, ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ്, സലൂൺ ഉൾപ്പെടെയുള്ള സേവനങ്ങൾ തുടങ്ങിയവയുടെ വില ഇന്ന് മുതൽ കുറയും.
രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഡോവ് ഷാംപൂ, കിസാൻ ജാം, ഹോർലിക്സ്, ലക്‌സ്, ലൈഫ് ബോയ് സോപ്പുകൾ തുടങ്ങിയവയുടെ വില കുറയും. ക്ഷീര, ഭക്ഷ്യ ഉത്പന്ന മേഖലകളിലെ പ്രമുഖരായ അമുൽ 700ൽ അധികം സാധനങ്ങളുടെ വില കുറച്ചു. അപ്പോളോ ടയേഴ്‌സ് ടയറുകളുടെ വില 300 രൂപ മുതൽ 2,000 രൂപ വരെ കുറച്ചു. പ്രോക്‌ടർ ആൻഡ് ഗാംബിൾ, ഇമാമി തുടങ്ങിയ എഫ്.എം.സി.ജി കമ്പനികളും വിലയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിലയിലെ മാറ്റം
ഉത്പന്നം പുതിയ വില പഴയ വില ഉപഭോക്താവിന്റെ ലാഭം
ഡോവ് ഷാംപൂ 435 രൂപ 490 രൂപ 55 രൂപ
ഹോർലിക്സ്(200 ഗ്രാം) 110 രൂപ 130 രൂപ 20 രൂപ
കിസാൻ ജാം(200ഗ്രാം) 80 രൂപ 90 രൂപ 10 രൂപ
റെയിൽ നീർ വെള്ളം(ഒരു ലിറ്റർ)14 രൂപ 15 രൂപ 1 രൂപ
അമുൽ ബട്ടർ(100 ഗ്രാം) 58 രൂപ 62 രൂപ 4 രൂപ
അമുൽ നെയ്യ്(ഒരു ലിറ്റർ) 610 രൂപ 650 രൂപ 40 രൂപ
ഐസ്ക്രീം(ലിറ്ററിന്) 550 രൂപ 600 രൂപ 50 രൂപ
കാർ വാങ്ങുമ്പോൾ വൻനേട്ടം
രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളെല്ലാം കാറുകളുടെ വില കുറച്ചു. മാരുതി ആൾട്ടോ കെ10ന്റെ വില ഇന്ന് മുതൽ 107,600 രൂപ വരെ കുറയും. ഹാച്ച് ബാക്കുകളുടെ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമായി കുറച്ചതിനൊപ്പം സെസുകൾ ഒഴിവാകുന്നതും വൻ നേട്ടമാകും. മാരുതി എസ്. പ്രസോയുടെ വിലയിൽ 129,600 രൂപ വരെ താഴും. സെലേറിയോയ്ക്ക് 94,100 രൂപയും വാഗണറിന് 79,600 രൂപയും വില കുറയും. സ്വിഫ്റ്റിന് 84,600 രൂപയും ബലനോയ്ക്ക് 86,100 രൂപയും ഇളവുണ്ടാകും.
ടാറ്റ ടിയാഗോയുടെ 75,000 രൂപയുടെ വില ഇളവാണ് ലഭിക്കും. ടാറ്റ ആൾട്രോസിന് 1.10 ലക്ഷം രൂപ വരെയും ഹ്യുണ്ടായ് ഗ്രാൻഡ് ഐ10ന് 73,800 രൂപയും ഹ്യുണ്ടായ് ഐ20യ്ക്ക് 86,796 രൂപ വരെയും വില കുറയും.
പായ്ക്ക്ഡ് ഉത്പന്നങ്ങൾ മാർച്ച് 31 വരെ പഴയ നിരക്കിൽ വിൽക്കാം
ജി.എസ്.ടിയിൽ മാറ്റം വരുത്തുന്നതിന് മുൻപ് പായ്ക്ക് ചെയ്ത പഴയ എം.ആർ.പി പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ അടുത്ത വർഷം മാർച്ച് 31 വരെ വിൽക്കാനാകും. സ്‌റ്റോക്ക് തീരുന്നതു വരെ പഴയ നിരക്ക് തുടരാം. പുതുക്കിയ വില രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനകളിലും കമ്പനികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.