ആൾട്രോസിന് 5സ്റ്റാർ സുരക്ഷാ റേറ്റിംഗ്
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ പുതിയ ആൾട്രോസ് ഭാരത് എൻ.സി.എ.പി യിൽ നിന്ന് 5സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. മുതിർന്നവരുടെ സുരക്ഷയിൽ 29.65/32 സ്‌കോറും കുട്ടികളുടെ സുരക്ഷയിൽ 44.9/49 സ്‌കോറുമുള്ള ആൾട്രോസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായെന്ന് ടാറ്റ മോട്ടോഴ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു.
2020ൽ ഗ്ലോബൽ എൻ.സി.എ.പിയിൽ നിന്ന് 5സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ ഹാച്ച്ബാക്കായിരുന്നു ആൾട്രോസ്. പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയിൽ ലഭിക്കുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുള്ള സി.എൻ.ജി കാറാണിത്.
നവീന രൂപകൽപ്പന, നൂതന സാങ്കേതികവിദ്യ, മൾട്ടിപവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുടെ സംയോജനത്തിലൂടെ ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന കാറാണിത്. ഉപഭോക്താക്കൾക്ക് ആശ്രയിക്കാൻ കഴിയുന്ന കാറുകൾ നൽകാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് നേട്ടമെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതർ പറഞ്ഞു.
പുതിയ സൗകര്യങ്ങൾ വോയ്‌സ് എനേബിൾഡ് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡ്യുവൽ 65 ഫാസ്റ്റ് ചാർജറുകൾ, എക്‌സ‌്പ്രസ് കൂളിംഗുള്ള എയർ പ്യൂരിഫയർ, ഐ.ആർ.എ ബന്ധിപ്പിച്ച സാങ്കേതികവിദ്യ എന്നിവ പിന്തുണയ്ക്കുന്ന ഫുൾ ഡിജിറ്റൽ എച്ച്.ഡി ക്ലസ്റ്ററുമായി ഹർമാൻ ടി.എമ്മിന്റെ അൾട്രാ വ്യൂ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അധിക സൗകര്യങ്ങൾ
ലോഞ്ച് പോലുള്ള പിൻ ഇരിപ്പിടം സുഖവും ആഡംബരവും വർദ്ധിപ്പിക്കുന്നു. മാനുവൽ ഗിയർബോക്‌സ്, ഡി.സി.എ., എ.എം.ടി തുടങ്ങിയ ട്രാൻസ്മിഷൻ ചോയ്‌സുകളും ആൾട്രോസ് നൽകുന്നു.