വിരൽ തുമ്പിലുണ്ട് ആരോഗ്യകേന്ദ്രം

Monday 22 September 2025 12:13 AM IST

കൊല്ലം: ഓൺലൈനായി ഒ.പി ടിക്കെറ്റെടുത്ത് ചി​കി​ത്സതേടാനും തുടർസേവനങ്ങൾ ലഭ്യമാക്കാനും ജില്ലയിൽ കൂടുതൽ ആശുപത്രികളിലേക്ക് ഇ-ഹെൽത്ത് സേവനം എത്തുന്നു. നിലവിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി, ഗവ. വിക്ടോറിയ ആശുപത്രി, ഒൻപത് താലൂക്ക് ആശുപത്രി, രണ്ട് സാമൂഹികാരോഗ്യ കേന്ദ്രം, 29 കുടുംബാരോഗ്യ കേന്ദ്രം, അഞ്ച് നഗര പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങി 48 ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അവസാനം നടപ്പാക്കിയത്. എട്ട് ആശുപത്രികളിൽ ഉടൻ തന്നെ ലഭ്യമാക്കും. ഇതിൽ തലവൂർ ആശുപത്രി, നെടുമ്പന എന്നിവിടങ്ങളിൽ ഈ മാസം പദ്ധതി നടപ്പാക്കും. പദ്ധതി ആരംഭിച്ച ശേഷം ആറ് വർഷത്തേക്ക് കെട്ടിടം പൊളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ജില്ലാ ആശുപത്രിയിൽ ഉൾപ്പടെ ഇവ പൂർത്തിയായ ശേഷമേ പൂർണ തോതിൽ സംവിധാനം പ്രവർത്തിക്കൂ. നിലവിൽ ജില്ലാ ആശുപത്രിയിൽ ഓൺലൈൻ അപ്പോയിന്റ്മെന്റാണ് നടക്കുന്നത്. ഒരുവ്യക്തിക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നതാണ് പദ്ധതി. ഇതുവഴി രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ തുടങ്ങിയവ വ്യക്തിഗത തിരിച്ചറിയൽ നമ്പർ (യു.എച്ച്‌.ഐ.ഡി) നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.

ജി​ല്ലയി​ൽ ഇ-ഹെൽത്ത്

48 ആശുപത്രികളിൽ

 ഒ.പി ടിക്കറ്റ് ഓൺലൈനിൽ

 ആശുപത്രി സേവനങ്ങൾ പേപ്പർ രഹിതം

 ഒ.പി നമ്പർ കാണിച്ച് ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാം

 അഡ്വാൻസ് ടോക്കണുമെടുക്കാം

 ഡിജിറ്റൽ പേമെന്റും നടത്താം

എങ്ങനെ രജിസ്റ്റർ ചെയ്യാം?

 https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറുക

 ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകുക

 ഒ.ടി.പി നൽകി ലോഗിൻ ചെയ്യാം

 16 അക്ക യു.എച്ച്.ഐ.ഡി ലഭിക്കും

 യു.എച്ച്.ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഈ പോർട്ടർ വഴിയോ ഇ-ഹെൽത്ത് ആപ്പ് വഴിയോ അപ്പോയിന്റ്മെന്റെടുക്കാം

 ടോക്കൺ വിവരങ്ങൾ എസ്.എം.എസായും ലഭിക്കും

പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ ആശുപത്രികളിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്.

ഭഗവത്, ജില്ലാ പ്രോജക്ട് എൻജിനിയർ,

സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ