വട്ടിപ്പലിശക്കാർക്ക് തടവറ ഒരുക്കി റൂറൽ പൊലീസ്

Monday 22 September 2025 12:14 AM IST

കൊല്ലം: ഓപ്പറേഷൻ കുബേര ഇടപെടൽ പൊലീസ് താഴ്ത്തിവച്ചതോടെ തലപൊക്കിയ വട്ടിപ്പലിശക്കാരെ ഒതുക്കാൻ ഒരുങ്ങി റൂറൽ പൊലീസ്. അനധികൃത പണം ഇടപാട് സംഘങ്ങളും പരാതികളും വ്യാപകമായതോടെയാണ് ഇടപെടൽ. നാട്ടിൻപുറങ്ങളിലടക്കം വട്ടിപ്പലിശക്കാർ സജീവമായതോടെ വാക്കേറ്റങ്ങളും സംഘർഷങ്ങളും പതിവായിട്ടുണ്ട്.

ലൈസൻസോ അധികാരപത്രമോ ഇല്ലാതെയാണ് ഇത്തരം പണമിടപാടുകാർ ആവശ്യക്കാരിൽ നിന്ന് ആധാരവും പ്രോമിസറി നോട്ടുകളും കരാർ പത്രങ്ങളും ഇടായിവാങ്ങി നിയമവിരുദ്ധമായി പലിശയ്ക്ക് പണം കടം കൊടുക്കുന്നത്. താത്കാലിക കാര്യസാദ്ധ്യത്തിന് ഉപകരിക്കുമെങ്കിലും അമിത പലിശ ഈടാക്കുന്നതുമൂലം ആവശ്യക്കാരന്റെ ജീവിതം താളംതെറ്റും. ആശുപത്രി ചെലവുകൾക്കും വിവാഹത്തിനും പഠനത്തിനുമൊക്കെയായിട്ടാണ് പലരും കടം വാങ്ങുന്നത്.

കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതോടെ കിടപ്പാടമുൾപ്പടെ പലിശക്കാർ കൈയടക്കുകയാണ്. രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെ ഓപ്പറേഷൻ കുബേര എന്ന പേരിൽ അനധികൃത പണമിടപാടുകാരെ പൂട്ടാൻ പൊലീസ് ഊർജ്ജിത ശ്രമം നടത്തിയിരുന്നു. പലിശക്കാർ പത്തിമടക്കിയതുമാണ്. എന്നാൽ ഇപ്പോൾ അവരെല്ലാം വീണ്ടും തലപൊക്കി.

ഓപ്പറേഷൻ ഷൈലോക്ക് മോഡൽ റെയ്ഡ്

 റൂറൽ ജില്ലയിൽ വ്യാപക പരാതി

 റെയ്ഡ് ഓപ്പറേഷൻ ഷൈലോക് മാതൃകയിൽ

 വിവിധ സ്റ്റേഷനുകളെ ഏകോപിപ്പിച്ച് അഞ്ചിടങ്ങളിൽ പരിശോധന

 25,35,870 ലക്ഷം രൂപയും ആധാരങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു

 കൊട്ടാരക്കര, പുനലൂർ, ഏരൂർ, അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു റെയ്ഡ്

രണ്ട് കേസ്

സ്വർണം ഇടായി വാങ്ങി പലിശയ്ക്ക് പണം നൽകുന്നതിന് നിയമാനുസരണം ലഭിച്ച അനുമതിപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ച പുനലൂർ കരവാളൂർ പുള്ളത്തടം ഇമ്മാനുവൽ ഫിനാൻസ് ഉടമ പി.കെ.സജുവിനെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് ആധാരങ്ങളും പ്രോമിസറി നോട്ടുകളും കരാർ പത്രങ്ങളും രേഖകളില്ലാത്ത 2535870 രൂപയും പിടിച്ചെടുത്തു. കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരമാണ് കേസ്. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രിനഗറിൽ ലൈലാകുമാരിയുടെ പൗവ്വത്ത് പുത്തൻവീട്ടിൽ നടന്ന റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച ബാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും പിടിച്ചെടുത്തു. ഇവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

അനധികൃത പണമിടപാട് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടി കർശനമാക്കും. തുടർ ദിവസങ്ങളിലും റെയ്ഡുകളുണ്ടാകും.

ടി.കെ.വിഷ്ണു പ്രദീപ്,

റൂറൽ എസ്.പി