അടിപ്പാത നിർമ്മാണ സ്ഥലത്തെ മണ്ണിടിഞ്ഞു: ഗതാഗതം താറുമാറായി
Monday 22 September 2025 12:18 AM IST
ചാലക്കുടി: അടിപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ മുരിങ്ങൂർ ജംഗ്ഷനിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് സർവീസ് റോഡ് ഭാഗികമായി തകർന്നു.
കനത്ത മഴയിൽ തൃശൂർ - എറണാകുളം റൂട്ടിൽ മുരിങ്ങൂരിലെ നരസിംഹ മൂർത്തി ക്ഷേത്രത്തിന് എതിർവശത്തായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ഏഴടിയോളം ആഴത്തിൽ തയ്യാറാക്കിയ കാനയുടെ മണ്ണാണ് 20 മീറ്ററോളം നീളത്തിൽ ഇടിഞ്ഞത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതോടെ പുതുതായി ടാറിംഗ് നടത്തിയ റോഡ് തകരുകയും മറ്റിടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമായി. അപകടം നടന്നതോടെ വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിട്ടത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം അടിഭാഗം കോൺക്രീറ്റ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കി. അറ്റകുറ്റപണി നടത്തിയെങ്കിലും മഴ തുടർന്നാൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിയുമെന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.