പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 12 പുതിയ ജീവികൾ

Monday 22 September 2025 12:19 AM IST

കുമളി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വാർഷിക സമഗ്ര ജന്തുജാല വിവരശേഖരണത്തിൽ കൂടുതലായി രേഖപ്പെടുത്തിയത് 12 പുതിയ ജീവികൾ. എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുമ്പികൾ എന്നിവയാണ് പുതിയതായി കണ്ടെത്തിയത്. 11 മുതൽ 14വരെ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും വനം വകുപ്പും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ (ടി.എൻ.എച്ച്.എസ്) സഹകരണത്തോടെ സമഗ്ര ജന്തുജാല വിവരശേഖരണം നടത്തിയത്. മുപ്പത്തിലധികം ക്യാമ്പുകളിലായി നടന്ന സർവേയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. 207 ചിത്രശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്. സാഹ്യാദ്രി ഗ്രാസ് യെല്ലോ (വെമ്പടാ പാപ്പാത്തി) പ്ലെയിൻ ഓറഞ്ച്ടിപ്പ് ( മഞ്ഞത്തുഞ്ചൻ), സാഹ്യാദ്രി യെല്ലോജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ) ലങ്കൻ പ്ലം ജൂഡി( സിലോൺ ആട്ടക്കാരൻ) പ്ലെയിൻ ബാൻഡഡ് ഓൾ (കാട്ടുവരയൻ ആര), മോണ്ടെനെ ഹെഡ്ജ് ഹോപ്പർ, സാഹ്യാദ്രി സ്‌മോൾ പാം ബോബ്, ഇന്ത്യൻ ഡാർട്ട് എന്നിവയാണ് കണ്ടെത്തിയത്.

ആകെ 71 തുമ്പിവർഗങ്ങൾ രേഖപ്പെടുത്തി. ഇതിൽ സാഹ്യാദ്രി ടോറന്റ്‌ഹോക്ക്, കൂർഗ് ടോറന്റ്‌ഹോക്ക് എന്നിവ പുതിയവയാണ്. ബ്ലാക്ക്‌ബേർഡ്, വൈറ്റ്‌ത്രോട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവർഗങ്ങളാണ് പക്ഷിപ്പട്ടികയിൽ പുതുതായി ഉൾപ്പെട്ടത്. കേരളത്തിന്റെ സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളും രേഖപ്പെടുത്തി. 40 ഉറുമ്പുകൾ, 15 ഉരഗവർഗങ്ങൾ, ആറ് തരം ചീവീടുകൾ, കടുവ, പുലി, കാട്ടുപട്ടി, കാട്ട് പോത്ത്, ആന എന്നിവ ഉൾപ്പെടെയുള്ള വലിയ സസ്തനികളും കാണപ്പെട്ടു. ബ്രൗൺ മാംഗൂസ്, സ്‌ട്രൈപ്ഡ് നെക്ക്ഡ് മാംഗൂസ്, സ്‌മോൾ ഇന്ത്യൻ സിവറ്റ്, നീർനായ, ഇന്ത്യൻ പന്നിപ്പൂച്ച എന്നിവയും ശ്രദ്ധേയമായിരുന്നു. സർവേയുടെ സമാപന സമ്മേളനത്തിൽ പെരിയാർ ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, ടി.എൻ.എച്ച്.എസ് റിസർച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ എന്നിവർ സംസാരിച്ചു.