എതിരാളിയെ മുട്ടുകുത്തിക്കലല്ല ജനാധിപത്യം: അഡ്വ.പി.എസ് ശ്രീധരൻ പിള്ള
ആലപ്പുഴ: എതിരാളിയെ മുട്ടുകുത്തിക്കലല്ല ജനാധിപത്യമെന്ന് മുൻ ഗോവ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി.ദിനകരന്റെ എൺപതാം ജന്മദിനാഘോഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ഒരു കലയാണ്. ജനങ്ങൾക്ക് ശരിയായ അവബോധം നൽകാനുള്ള ബാദ്ധ്യത നിക്ഷിപ്തമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. നിയമസഭയിലടക്കം അത്തരം വിഷയങ്ങൾ ആധികാരികമായി കൈകാര്യം ചെയ്തിട്ടുള്ള അപൂർവ്വം ചിലരിലൊരാളാണ് വി.ദിനകരനെന്നും അദ്ദേഹം പറഞ്ഞു. വി.ദിനകരന്റെ സഹോദരനും മുൻ എം.എൽ.എയുമായ പ്രൊഫ. എ.വി താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മകൻ സുധീഷ് ദിനകരൻ സ്വാഗതവും, മകൻ രചിച്ച 'എന്റെ അച്ഛനെ'ന്ന പുസ്തകത്തിന്റെ പ്രകാശനം രമേശ് ചെന്നിത്തല എം.എൽ.എ വി.ദിനകരന്റെ പത്നി സുജാതാദിനകരന് നൽകി നിർവഹിച്ചു.
കെ.സി വേണുഗോപാൽ എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ, ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം.പി വാരിജാക്ഷൻ, അഡ്വ. പ്രശാന്ത് പദ്മനാഭൻ, മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ലീലാ കൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി എ.എൻ.പ്രേമാനന്ദൻ, എ.എം നസീർ,ഡോ.കെ.ബിന്ദുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.