പണം തട്ടിയെടുക്കൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

Monday 22 September 2025 12:23 AM IST

കൽപ്പറ്റ: വാഹനത്തിൽ അനധികൃതമായി കടത്തിയ പണം തട്ടിയെടുക്കാൻ ശ്രമിച്ചകേസിൽ വൈത്തിരി സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കവർച്ചയ്ക്ക്‌ കേസെടുത്തു. എസ്.എച്ച്.ഒ കെ.അനിൽ കുമാർ,എസ്.സി.പി ഒ. ഷുക്കൂർ,തിരിച്ചറിയാത്ത പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജിനാസ്,പാണ്ടിക്കാട് സിനാൻ,​സിനാൻ ചെറുപ്പ എന്നിവരിൽ നിന്നും പിടിച്ചെടുത്ത 3,37,500 രൂപ തട്ടിയെടുക്കുകയും പരാതിക്കാരെ മർദ്ദിക്കുകയും ചെയ്തതായുള്ള പരാതിയിലാണിത്. സെപ്തംബർ 15ന് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. സ്മ്യൂൾ അക്കൗണ്ട് വഴി കൽപ്പറ്റ സ്വദേശികൾ മാറ്റിയെടുത്ത പണം മലപ്പുറം സ്വദേശികൾക്ക് കൈമാറുന്നതിനിടെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഈ പണം തിരിമറി നടത്താൻ ശ്രമിച്ചെന്നാണ് ആരോപണം. കേസിൽ സി.ഐ കെ അനിൽകുമാറിന് പുറമേ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ,അബ്ദുൽ മജീദ്,ബിനീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉത്തരമേഖലാ ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ജില്ലാ പൊലീസ്‌മേധാവിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് പൊലീസ്‌കേസ് രജിസ്റ്റർ ചെയ്തത്.