സമ്പൂർണ ഐ.എസ്.ഒ: കുടുംബശ്രീയിൽ ഫസ്റ്റ് അടിച്ച് ജില്ല
കൊല്ലം: ജില്ലയിലെ 68 കുടുംബശ്രീ ഗ്രാമ സി.ഡി.സുകളും 6 നഗര സി.ഡി.സുകളും ഉൾപ്പടെ 74 സി.ഡി.സുകൾ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി സംസ്ഥാനത്ത് സമ്പൂർണ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ ജില്ലയായി കൊല്ലം മാറി. ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന, ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഗുണ നിലവാര മാനദണ്ഡമാണ് ഐ.എസ്.ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷൻ. ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിച്ച് സംസ്ഥാന സർക്കാർ ബൈലോ പ്രകാരം സേവനങ്ങളും പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ കാഴ്ചവച്ച കുടുംബശ്രീ സി.ഡി.എസുകൾക്കാണ് ഐ.എസ്.ഒ അംഗീകാരം. കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സർക്കാർ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സി.ഡി.എസുകൾ മുഖേന നൽകുന്ന സേവനങ്ങളുടെ മികവ്, ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോട് കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചുകൊണ്ടാണ് സി.ഡി.എസുകൾ ഐ.എസ്.ഒ അംഗീകാരം നേടിയത്.
ഔദ്യോഗിക പ്രഖ്യാപനം 26ന്
സംസ്ഥാനതല ഔദ്യോഗിക ഐ.എസ്.ഒ പ്രഖ്യാപനം 26ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപനം നടത്തും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും.