പന്തളം അയ്യപ്പ സംഗമം അനാചാരം അടിച്ചേൽപ്പിക്കാൻ: പി. രാമഭദ്രൻ
തിരുവനന്തപുരം: സംഘപരിവാർ പന്തളത്ത് നടത്തുന്ന അയ്യപ്പ സംഗമം അനാചാരം അടിച്ചേൽപ്പിക്കാനാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ് ) സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി. രാമഭദ്രൻ. കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര സംരക്ഷണത്തിന്റെ മറപിടിച്ച് അനാചാരം അടിച്ചേൽപ്പിക്കാൻ ഏത് ശക്തികൾ ശ്രമിച്ചാലും അതിനെ ചെറുക്കും. ഭീകര വർഗീയ ചിന്ത വിശ്വാസികളിൽ വളർത്തി മതേതരത്വത്തിനും ക്രമസമാധാനവും തകർക്കാനേ സംഘപരിവാറിന്റെ അയ്യപ്പ സംഗമത്തിന് കഴിയുകയുള്ളൂവെന്ന് രാമഭദ്രൻ കൂട്ടിച്ചേർത്തു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ.സി കുട്ടമറ്റത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ രാജൻ വെമ്പിളി,കെ.കെ ബാലകൃഷ്ണൻ നമ്പ്യാർ,ആർ.ദാമോദരൻ,ഡി.പ്രശാന്ത്,ഡോ. വിനീത വിജയൻ,ഐവർക്കാല ദിലീപ്,എം.ബിനാല്‍സ്,വേങ്ങാനൂർ സുരേഷ്,പി. സരസ്വതി,എ.കെ.സുനിൽ,ഇ.ഗോപാലൻ,ഗോപി കുതിരക്കല്ല്,രവീന്ദ്രൻ കെ.തുറവൂർ,സുബൈർ ലെരിയ,സാജൻ പഴയിടം,ശൂരനാട് അജി എന്നിവർ സംസാരിച്ചു.