എയർപോർട്ടിൽ 3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കർണാടക സ്വദേശി അറസ്റ്റിൽ
ശംഖുംമുഖം: ബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 3.63 കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം പിടികൂടി. കർണാടക ബെല്ലാരി സ്വദേശി സുമൻജൂറ്ററിനെ (27) അറസ്റ്റു ചെയ്തു. സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ എത്തിയ ഇയാളുടെ ലഗേജിൽ എട്ട് പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എമിഗ്രേഷൻ പരിശോധനകഴിഞ്ഞ് കൺവയർ ബെൽറ്റിൽ നിന്നും ലഗേജുമെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ബെല്ലാരിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന സുമൻ ഈ മാസം 15നാണ് ബംഗളൂരുവിൽ നിന്ന് ബാങ്കോക്കിലേക്ക് പോയത്. സൂപ്പർ മാർക്കറ്റിലേക്ക് പെർഫ്യൂം ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് ഓർഡർ നൽകാനാണ് പോയതെന്നാണ് ഇയാൾ കസ്റ്റംസിനോട് പറഞ്ഞത്. എന്നാൽ, സൂപ്പർ മാർക്കറ്റിലെ പർച്ചേസെന്ന പേരിൽ ഇയാൾ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
രണ്ടു മാസം മുമ്പ് കോഴിക്കോട് സ്വദേശിയിൽ നിന്നും 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും കർണാടകയിൽ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളിൽ നിന്ന് സിംഗപ്പൂരിൽ നിന്നെത്തിച്ച 10 കിലോഗ്രാം കഞ്ചാവും തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.