'കുടുംബ ഭദ്രതയ്‌ക്കായി സ്ത്രീകൾ മുന്നിട്ടിറങ്ങണം'
കൊച്ചി: കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കു വേണ്ടിയുള്ള ശ്രമങ്ങൾക്കായി സ്ത്രീകളും മുന്നോട്ടു വരണമെന്ന് പ്രമുഖ പ്രഭാഷകയും ഏറ്റുമാനൂരപ്പൻ കോളേജിലെ പ്രൊഫസറുമായ സരിത അയ്യർ പറഞ്ഞു. തൃപ്പൂണിത്തുറയിൽ ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീകൾ വീട്ടിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല. അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരണം. നിക്ഷേപ, ഓഹരി ഇടപാടുപോലുള്ള സംരംഭങ്ങളിലൂടെയും സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാനാകുമെന്നും സരിത അയ്യർ പറഞ്ഞു.
സംഘം പ്രസിഡന്റ് എൽ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. കൃഷ്ണൻ നമ്പീശൻ, എ.ഐ.ബി.എഫ് പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി, സേവാസംഘം ട്രഷറർ പി.ആർ. ഹരി, ദക്ഷിണമേഖലാ ഓർഗനൈസിംഗ് സെക്രട്ടറി എ.ബി. ബാലമുരളി എന്നിവർ സംസാരിച്ചു. പ്രയാണം സ്മരണിക പ്രകാശനം കെ.എം. ദേവകിക്കുട്ടി നിർവഹിച്ചു.