അദ്വൈതാശ്രമം ഭക്തിസാന്ദ്രം; മഹാസമാധി പൂജയ്‌ക്ക് ആയിരങ്ങൾ

Monday 22 September 2025 12:36 AM IST
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി പൂജയ്‌ക്ക് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യകാർമ്മികത്വം വഹിക്കുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം ഭക്തിസാന്ദ്രമായി. മഹാസമാധി പൂജയിലും സമൂഹപ്രാർത്ഥനയിലും ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു.

പുലർച്ചെ ഗുരുമന്ദിരത്തിൽ ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജയെ തുടർന്ന് ശാന്തിഹവനം, കലശപൂജ, കലശം എഴുന്നള്ളത്ത്, കലശാഭിഷേകം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഉപവാസം, പ്രാർത്ഥന, കലശപൂജ എന്നിവയ്ക്കെല്ലാം നൂറുകണക്കിന് ഭക്തരെത്തി. 3.25ഓടെയാണ് മഹാസമാധി പൂജയും സമൂഹ പ്രാർത്ഥനയും നടന്നത്.

ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു മഹാസമാധി പൂജ. തുടർന്ന് പ്രസാദ വിതരണവും നടത്തി. പി.കെ. ജയന്തൻ ശാന്തി, സ്വാമിനി മാതാ നാരായണ ചിത്‌പ്രകാശിനി, സ്വാമിനി നാരായണ ദർശനമയി, മധുസൂദനൻ ശാന്തി, ചന്ദ്രൻ ശാന്തി എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ബോർഡ് മെമ്പർ വി.ഡി. രാജൻ, മുൻ യൂണിയൻ പ്രസിഡന്റ് സി.വി. അനിൽകുമാർ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും മഹാസമാധി പൂജയിൽ പങ്കെടുത്തു.