വിദേശത്തേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്തിരുന്ന ഇവയ്ക്ക് ഇന്ന് ലഭിക്കുന്ന വിലയിതാണ്,​ ഒരു മാസത്തിനിടെ സംഭവിച്ചത്

Monday 22 September 2025 12:40 AM IST

കണ്ണൂർ: സീസൺ തുടങ്ങുമ്പോഴേക്കും വിലയിലുണ്ടായ ഇടിവ് റബ്ബർ കർഷകരെ ബുദ്ധിമുട്ടിലാക്കി. ഈ വർഷത്തെ പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങാനിരിക്കുമ്പോഴാണ് വിലയിടിവ്. ഒരുമാസത്തിനിടെ 25 രൂപയിലേറെയാണ് ഇടിഞ്ഞത്.

മഴ മാറി നിന്നതോടെ പണി ആരംഭിക്കാനൊരുങ്ങിയ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ വിലയിടിവ്. ജൂലൈയിലും ആഗസ്റ്രിലും 210 രൂപയായിരുന്നു ജില്ലയിൽ റബ്ബറിന്റെ വില. എന്നാൽ സെപ്തംബർ ആകുമ്പോൾ വില 185 ആയി കുറഞ്ഞു. ചില ദിവസങ്ങളിൽ വില ഇതിലും കുറയുന്നുമുണ്ട്. കഴിഞ്ഞ വർഷവും റബ്ബർ മേഖല പ്രതിസന്ധിയിലായിരുന്നു. അതിൽ നിന്ന് കരകേറാൻ കർഷകർ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.

മുൻ മാസങ്ങളിലുണ്ടായ വില നിലവാരം പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ നിലവാരം പ്രതീക്ഷകൾ എല്ലാം നശിക്കുന്നതിനു കാരണമായെന്നും കർഷകർ പറയുന്നു.

ഈ വർഷം ജില്ലയിൽ ലഭിച്ചത് അതിശക്ത മഴയാണ്. മഴയിൽ പലയിടങ്ങളിലും വ്യാപകമായി റബ്ബർ മരങ്ങൾ കടപുഴകി വീണിരുന്നു. മലയോരത്ത് വീശിയടിച്ച കാറ്റിലും നാശം രൂക്ഷമായിരുന്നു. അതിന്റെ കൂടെയാണ് ഇത്തിരത്തിലൊരു പ്രതിസന്ധിയും. കടപുഴകി വീണ മരങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നെങ്കിലും പലയിടങ്ങളിലും അതൊന്നും കിട്ടിത്തുടങ്ങിയില്ലെന്ന പരാതിയും കർഷകർക്കുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തുകകൊടുത്ത് റബ്ബർ തോട്ടങ്ങൾ പാട്ടത്തിനെടുത്തവരുമുണ്ട്. ഇവരും ആശങ്കയിലാണ്. ഉത്പാദനം പ്രതീക്ഷിച്ച് ബാങ്ക് ലോൺ ഉൾപ്പെടെയെടുത്താണ് തോട്ടങ്ങൾ പാട്ടത്തിനെടുത്തത്. എന്നാൽ വിലയിടിവ് ഇങ്ങനെ തുടരുകയാണെങ്കിൽ ലോൺ തിരിച്ചടവു പോലും മുടങ്ങുമെന്ന ആശങ്കയിലാണ് ഇവർ.

മലയോരത്തിന് ആശ്രയം റബ്ബർ

സംസ്ഥാനത്ത് പ്രധാനമായും റബ്ബർ ഉത്പാ‌ദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ. ജില്ലയുടെ മലയോര മേഖലയിൽ വലിയ പങ്കും റബ്ബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജില്ലയിൽ നിന്നുള്ള റബ്ബറും അനുബന്ധ ഉത്പന്നങ്ങളും പുറം രാജ്യങ്ങളിലേക്കുൾപ്പെടെ വൻ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. 11.83 ഹെക്ടർ പ്രദേശത്താണ് റബ്ബർ കൃഷി ചെയ്യുന്നതെന്നാണ് കണക്ക്. 225 ടാപ്പിംഗ് ദിനങ്ങൾ കിട്ടിയ വർഷങ്ങൾ ജില്ലയിലുണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി 150 ദിവസം പോലും തികയ്ക്കാനാകുന്നില്ലെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു.

കാലാവസ്ഥ വ്യതിയാനം വർഷങ്ങളായി മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കാടുവെട്ടിത്തെളിക്കലും വളമിടലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ട സമയം കൂടിയാണിത്. എന്നാൽ വിലയില്ലാത്തതും കാലാവസ്ഥയിലെ പ്രശ്നങ്ങളും കർഷകരെ പിന്തിരിപ്പിക്കുന്നു.

റബ്ബർ കർഷകരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും തീരുന്നില്ല. എല്ലാവർഷവും ശരിയാകുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുകയാണ് പതിവ്.

ടി.പി തമ്പാൻ, റബ്ബർ കർഷകൻ