സൈബർ ആക്രമണം ഗോപാലകൃഷ്ണന്റെ ഭാര്യയും ബന്ധുവും പരാതി നൽകി

Monday 22 September 2025 1:04 AM IST

പറവൂർ: ഇടത് അനുഭാവികളിൽ നിന്ന് സൈബർ ആക്രമണം നേരിടുന്നതായി പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യയും മരുമകളും എറണാകുളം റൂറൽ എസ്.പിക്കും സൈബർ ഡോമിനും പരാതി നൽകി. കേസെടുത്തിട്ടില്ല. സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതിയാണ് ഗോപാലകൃഷ്ണൻ.

ഭിന്നശേഷിക്കാരിയായ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഫോട്ടോ പ്രചരിപ്പിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നുവെന്നുമാണ് ഷേർളി ഗോപാലകൃഷ്ണന്റെ പരാതി. അതേസമയം,സാമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു,ഐ.ടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തി ഗോപാലകൃഷ്ണനും മറ്റ് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്‌ക്ക് ഇന്നലെ വീണ്ടും കത്ത് നൽകി. മെറ്റയിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നമുറയ്‌ക്ക് തുടർനടപടി സ്വീകരിക്കും.

വി.എസ്. സുജിത്തിനെതിരെ പരാതി

തന്നെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ അപവാദ പോസ്റ്റിട്ട കുന്നംകുളം കസ്റ്റഡി മർദ്ദന കേസിലെ ഇരയും യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്തിനെതിരെ ഷൈൻ റൂറൽ സൈബർ പൊലീസിന് പരാതി നൽകി. കേസെടുത്തിട്ടില്ല.