സ്വർണപ്പാളികൾ ശബരിമലയിൽ തിരികെ എത്തിച്ചു

Monday 22 September 2025 1:05 AM IST

ശബരിമല: ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ തിരിക എത്തിച്ചു. ഇന്നലെ പുലർച്ചെയാണ് സ്വർണപ്പാളികൾ

സന്നിധാനത്തെത്തിച്ചത്.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. കഴിഞ്ഞ ഏഴിന് വൈകിട്ട് ദ്വാരപാലക ശില്പത്തിൽ നിന്ന് ഇളക്കിയ പാളികൾ എട്ടിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഹൈക്കോടതിയുടെ അനുമതി

തേടുകയോ സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കുകയോ ചെയ്യാതെ ശില്പത്തിൽ നിന്ന് സ്വർണ്ണപ്പാളി ഇളക്കിയത് വിവാദമായിരുന്നു. തുടർന്ന്, സ്വർണ്ണപ്പാളികൾ ഉടൻ തിരികെ എത്തിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശവുമുണ്ടായി. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ ശബരിമല അസി.എക്സിക്യുട്ടീവ് ഓഫീസർ, ദേവസ്വം സ്മിത്ത്, ദേവസ്വം ഗാർഡ്, ദേവസ്വം വിജിലൻസ് സബ് ഇൻസ്‌പെക്ടർ എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണപ്പാളികൾ ചെന്നൈയിലെത്തിച്ചത്. സംഘം അവിടെ ക്യാമ്പ് ചെയ്ത് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. പണികൾ പൂർത്തിയാക്കി തിരികെ എത്തിച്ച സ്വർണ്ണപ്പാളികൾ ശബരിമല സന്നിധാനത്തെ ദേവസ്വം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. തന്ത്രിയുടെ അനുമതിയോടെ ശുദ്ധിക്രിയകൾ നടത്തി പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുന:സ്ഥാപിക്കും.