സമാധിദിനത്തിൽ ഗുരുദേവനെ വണങ്ങാൻ കുടുംബസമേതം സോണിയഗാന്ധി

Monday 22 September 2025 1:09 AM IST

കൽപ്പറ്റ: ശ്രീനാരായണഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണത്തിൽ അപ്രതീക്ഷിതമായി പങ്കെടുത്ത് ഗാന്ധി കുടുംബം. കൽപ്പറ്റ മടിയൂർക്കുനിയിലെ കുളത്തിനാൽ ഡോ. ചക്രപാണി മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ മന്ദിരത്തിലെ ചടങ്ങിലാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി എന്നിവരെത്തിയത്.

പ്രാർത്ഥന ചടങ്ങുകൾക്കു തടസമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാണ് ഇന്നലെ ഉച്ചയ്‌ക്ക് 12ന് മൂവരും യൂണിയൻ മന്ദിരത്തിലെത്തിയത്. തുടർന്ന് ഗുരുദേവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. സഹോദരൻ അയ്യപ്പനെഴുതിയ സമാധിഗാനം വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആലപിച്ചു. പടിഞ്ഞാറത്തറയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന ഗാന്ധി കുടുംബം ടി. സിദ്ദീഖ് എം.എൽ.എ മുഖാന്തരമാണ് പ്രാർത്ഥന നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്. 10 മിനിട്ടോളം മന്ദിരത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ടി. സിദ്ദീഖും ഒപ്പമുണ്ടായിരുന്നു.

കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം. മോഹനൻ, യൂണിയൻ പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ. മണിയപ്പൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് പി.എൻ. പത്മിനി, അനസൂയ രവി, ഉഷാതമ്പി, കൽപ്പറ്റ ശാഖാ കൺവീനർ എം.കെ. ഗ്രീഷിത് എന്നിവരുടെ നേതൃത്വത്തിൽ മഞ്ഞ ഷാളും ബൊക്കയും നൽകിയാണ് മൂവരെയും സ്വീകരിച്ചത്. ഗാന്ധി കുടുംബത്തിന്റെ അപ്രതീക്ഷിത സന്ദർശനം സന്തോഷം പകരുന്നതാണെന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കൾ പറഞ്ഞു.