തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിറുത്തലാക്കരുത്: ചെന്നിത്തല

Monday 22 September 2025 1:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ നിലവിലുള്ള പെർഫോർമൻസ് ഓഡിറ്റ് സംവിധാനം നിറുത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 29ന് സഭയിൽ കൊണ്ടുവരുന്ന 2025ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ,2025ലെ കേരള പഞ്ചായത്തീരാജ് ഭേദഗതി ബിൽ എന്നിവയിൽ ഇതിനുനുള്ള വകുപ്പുകൾ കൂടി സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. 1994ലെ കേരള പഞ്ചായത്തി രാജ് ആക്ടിന്റെ 188ാം വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 56ാം വകുപ്പിന്റെ ഭേദഗതിയും വരുന്നതിലൂടെ പെർഫോമൻസ് ഓഡിറ്റ് സംവിധാനം ഇല്ലാതാകും. പെർഫോമൻസ് ഓഡിറ്റ് ഇല്ലാതാകുന്നതോടെ അഴിമതി കൂടുതൽ വ്യവസ്ഥാപിതമാകും. അഴിമതിക്ക് വളം വയ്ക്കുന്ന തലതിരിഞ്ഞ നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.