രണ്ടാംഘട്ട പുസ്തക വിതരണം: 75 ശതമാനം പൂർത്തിയായി
മലപ്പുറം: ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്കുള്ള രണ്ടാംഘട്ട പുസ്തക വിതരണം 75 ശതമാനം പൂർത്തിയായി. ഒരാഴ്ചയ്ക്കകം പൂർത്തിയാവും. 30 ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്തത്.
10 ലക്ഷത്തോളം പുസ്തകങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്. 40.20 ലക്ഷം പാഠപുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആകെ വേണ്ടത്.
ആഗസ്റ്റ് 13നാണ് രണ്ടാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്. അൺ-എയ്ഡഡ് സ്കൂളു കളിലേക്കുള്ള പുസ്തക വിതരണം നാളെയോ മറ്റന്നാളോ ആരംഭിക്കുമെന്ന് ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ പറയുന്നു. വിതരണം ആരംഭിച്ചാൽ നാല് ദിവസത്തിനകം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അടുത്ത മാസം മുതൽ രണ്ടാം ഘട്ട പുസ്തകങ്ങളാണ് പഠിപ്പിക്കുക.
ഒരുദിവസം ശരാശരി ഒന്നര ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയക്കുന്നത്. കാക്കനാട്ടെ കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിക്കാണ് അച്ചടി ചുമതല.
മാർച്ച് മൂന്നിനായിരുന്നു ഒന്നാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്. ജൂൺ ഒന്നിന് മുന്നേ ഒന്നാംഘട്ട വിതരണം പൂർത്തിയാക്കി. നിലവിൽ മഴയില്ലാത്തതും അനുകൂല സാഹചര്യമാണ്. കാല താമസമില്ലാതെ പുസ്തകങ്ങൾ ഡിപ്പോയിൽ എത്തുന്നുണ്ട്.
ഡിപ്പോയിലെത്തിയത് - 26 ലക്ഷം
വിതരണം ചെയ്തത് - 30 ലക്ഷം
എത്താനുളളത്- ഏഴ് ലക്ഷം
രണ്ടാം ഘട്ടത്തിൽ ആകെ വേണ്ടത്- 40.20 ലക്ഷം
രണ്ടാംഘട്ട വിതരണം ആരംഭിച്ചത്- ആഗസ്റ്റ് 13
കിഴിശേരി – 149600, കൊണ്ടോട്ടി – 330390, മലപ്പുറം – 296146, മഞ്ചേരി – 262506, മങ്കട–266697, പെരിന്തൽമണ്ണ -180627, എടപ്പാൾ – 126538, കുറ്റിപ്പുറം– 262768, പൊന്നാനി–147851, തിരൂർ–263137, അരീക്കോട്–146378, മേലാറ്റൂർ–130291, നിലമ്പൂർ–287783, വണ്ടൂർ–242588, പരപ്പനങ്ങാടി–248747, താനൂർ–256137, വേങ്ങര–422169 എന്നിങ്ങനെയാണ് ഓരോ സബ്‌ജില്ലകളിലെയും സർക്കാർ, എയ്‌ഡഡ് സ്‌കൂളിലേക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം.