മുൻ മാനേജരെ മർദ്ദിച്ച കേസ്, ഉണ്ണി മുകുന്ദന് സമൻസ്, നേരിട്ട് ഹാജരാകണം

Monday 22 September 2025 8:43 AM IST

കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ഒക്‌ടോബർ 27നാണ് ഉണ്ണി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടത്. മുൻ മാനേജർ കോട്ടയം ചങ്ങനാശേരി സ്വദേശിയായ വിപിൻ കുമാർ നൽകിയ പരാതിയിൽ നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരുന്നു. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസിൽ കുറ്റപത്രവും സമർപ്പിച്ചു. ഇതിന്റെ തുടർനടപടിയാണ് സമൻസ്.

ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യു ഇട്ടത് ചോദ്യം ചെയ്‌ത് തന്നെ മർദ്ദിച്ചു എന്നാണ് മുൻ മാനേജരായ വിപിൻ കുമാറിന്റെ പരാതി. മുഖത്തും തലയിലും നെഞ്ചത്തും മർദ്ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും വിപിൻ കുമാർ പരാതി നൽകിയിരുന്നു. ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രഥമ വിവര റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഉണ്ണി മുകുന്ദൻ വിപിനെ മർദ്ദിച്ചതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലുള്ളത്. ജാമ്യം ലഭിക്കാവുന്ന തരം വകുപ്പുകളാണ് കേസിൽ ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത്. നടൻ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയാണ് ഇനിയുള്ള നടപടി.