മലയോര ഹൈവേയുടെ അപ്പുറവും ഇപ്പുറവും കാടുമൂടിയ ഭൂമി, സ്ഥലത്തെത്തിയ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ പാഞ്ഞടുത്ത് രൂപം
കാളികാവ്: ഒരു മാസമായിഎഴുപതേക്കറിൽ കടുവയ്ക്കായി കെണി വച്ച് കാത്തിരിക്കുന്നതിനിടെ പാറക്കടവിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തുവ്വൂർ, കാളികാവ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാറക്കടവിലാണ് കടുവയെ കണ്ടതായി പറയുന്നത്. ടാപ്പിംഗ് തൊഴിലാളി ചോക്കാട് കല്ലാമൂല സ്വദേശി പുളിവെട്ടിക്കാവിൽ ദാസൻ കഷ്ടിച്ചാണ് കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെ പാറക്കടവിൽ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് ദാസൻ കടുവയെന്ന് തോന്നിപ്പിക്കുന്ന രൂപം കണ്ടത്. അടുത്ത് ചെന്നപ്പോൾ തനിക്ക് നേരെ പാഞ്ഞടുത്തെന്നും സമീപത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിൽ കയറാൻ കഴിഞ്ഞതിനാൽ രക്ഷപ്പെടുകയുമായിരുന്നുവെന്നും ദാസൻ പറഞ്ഞു. ഇതേ തോട്ടത്തിൽ വച്ച് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയായ നെല്ലിക്കോടൻ ജനാർദ്ദനനും ദിവസങ്ങൾക്കു മുമ്പ് കടുവയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ അന്നത് ആരും കാര്യമായി എടുത്തില്ല. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
കടുവയെ കണ്ടെന്ന് പറയുന്ന റബർ തോട്ടത്തിനടുത്ത് കേസിൽപ്പെട്ട് കിടക്കുന്ന ഏക്കർ കണക്കിന് കാട് മൂടിയ ഭൂമിയുണ്ട്. ഇവിടെയാകാം കടുവയുടെ താവളമെന്ന് നാട്ടുകാർ കരുതുന്നു. മാസങ്ങൾക്ക് മുൻപ് ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയെ കടുവ വക വരുത്തിയ റാവുത്തൻക്കാടും പാറക്കടവിന് സമീപത്താണ്. കാട്ടുപന്നികളുതേടക്കമുള്ള ജഡങ്ങളും കണാരൻ പടിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
മലയോര ഹൈവേയ്ക്ക് അപ്പുറവും ഇപ്പുറവുമായാണ് കണാരൻ പടിയും കാട് മൂടി കിടക്കുന്ന ഭൂമിയുമുള്ളത്. അതിനാൽ കടുവയുടെ സാന്നിദ്ധ്യം തള്ളിക്കളയാനുമാകില്ല . മാമ്പറക്കുന്ന് എസ്.സി നഗറിലെ നിരവധി വീടുകൾ ഉൾപ്പടെയുള്ള പ്രദേശത്താണ് കടുവയുടെ സാന്നിദ്ധ്യമുള്ളത്. അതിനാൽ നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് വാർഡ് അംഗം മുനീർ കുരിക്കൾ പറഞ്ഞു. ഒരു മാസത്തിനടുത്താണ് അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവ പശുവിനെ കൊന്നു തിന്നത്.തുടർന്ന് ഇതേ സ്ഥലത്ത് കെണി വെച്ച് വനം വകുപ്പ് കാത്തിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ പാറക്കടവിലെത്തിയെങ്കിലും കാര്യമായ പരിശോധനകളൊന്നും നടത്തിയില്ന്നലെ ആക്ഷേപവും നാട്ടുകാർക്കുണ്ട്. കടുവ സാന്നിദ്ധ്യം മൂലം റബർ ടാപ്പിംഗ് തൊഴിലാളികളാണ് ഭീഷണി നേരിടുന്നത്.