അതിരുകടന്ന് പാക് താരം; ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പ്രകോപനപരമായ പെരുമാറ്റം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയോട് തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ, ആരാധകരെ പ്രകോപിപ്പിക്കുന്ന ആംഗ്യം കാണിച്ച് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യ-പാക് മത്സരങ്ങളിൽ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും ചർച്ചാവിഷയമാകാറുണ്ടെങ്കിലും റൗഫിന്റെ പ്രവൃത്തി അതിരുകടന്നുവെന്നാണ് ആരാധകരുടെ വിമർശനം. മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയാതെ വന്നതിന്റെ നിരാശ റൗഫ് പ്രകടമാക്കിയത് അതിരുവിട്ട രീതിയിലാണെന്നും ആരോപണം ഉയർന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുമ്പോൾ ചില ഇന്ത്യൻ ആരാധകർ 2022-ലെ ട്വന്റി 20 ലോകകപ്പിൽ വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് പ്രകടനം ഓർമ്മിപ്പിച്ചു. അവസാന ഓവറുകളിൽ റൗഫിനെതിരെ കൊഹ്‌ലി നേടിയ രണ്ട് സിക്‌സറുകൾ അന്ന് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയിരുന്നു. ഈ സംഭവം ആരാധകർ വിളിച്ചു പറഞ്ഞപ്പോൾ റൗഫ് അസ്വസ്ഥനായി പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു.
റൗഫ് ആദ്യം ആരാധകരെ നോക്കി '6-0' എന്ന ആംഗ്യം കാണിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ വാദത്തെ സൂചിപ്പിക്കുന്നതായിരുന്നു ഈ ആംഗ്യം. ഇതിനുപിന്നാലെ വിമാനം താഴെ വീഴുന്ന രീതിയിലുള്ള ആംഗ്യങ്ങളും കാണിച്ചു. റൗഫിന്റെ ഈ പ്രവൃത്തിയാണ് ഇന്ത്യൻ ആരാധകരെ രോഷാകുലരാക്കിയത്.
ഐസിസി അക്കാദമിയിൽ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടന്ന പാകിസ്ഥാൻ ടീമിന്റെ പരിശീലന സെഷനിലും ഇതേ '6-0' എന്ന ആംഗ്യം വിവാദമായിരുന്നു. പാക് താരങ്ങൾ ഫുട്‌ബോൾ കളിച്ചപ്പോൾ ഒരു ടീം 6-0-ന് മുന്നിലെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ മാാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പാക് താരങ്ങൾ 6-0, 6-0 എന്ന് ഉറക്കെ വിളിച്ചുപറഞ്ഞത് സൈനിക സംഘർഷവുമായി ബന്ധപ്പെട്ട പരാമർശമാണെന്ന് പലരും സംശയിച്ചു.
കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്ന് പാകിസ്ഥാൻ മുൻ താരങ്ങൾ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഹാരിസ് റൗഫിനെ പോലുള്ള താരങ്ങളുടെ കളിക്കളത്തിലെ ഇത്തരം പ്രവൃത്തികൾ എന്ത് വികാരമാണ് ഉള്ളതെന്നതിന്റെ സൂചന നൽകുന്നുവെന്നാണ് വിമർശകരുടെ അഭിപ്രായം. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാന് തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയാൽ ടൂർണമെന്റിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും വീണ്ടും പരസ്പരം ഏറ്റുമുട്ടാം.
Haris Rauf never disappoints, specially with 6-0. pic.twitter.com/vsfKKt1SPZ
— Ihtisham Ul Haq (@iihtishamm) September 21, 2025