'GSTപരിഷ്‌കരണം നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെ, പഴയ നിലയിലേക്ക് മാറാൻ സാദ്ധ്യതയുണ്ട്'; കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ. ഉൽപ്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു സംസ്ഥാനം പോലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. എന്നാൽ, വേണ്ടത്ര പഠനം ഇല്ലാതെയാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
'നേട്ടം ജനങ്ങൾക്ക് കിട്ടണം. എന്നാൽ, നികുതി കുറയ്‌ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഈ വിഷയം സമ്മതിച്ചതാണ്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയ നിലയിലേക്ക് മാറാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല. 50,000 കോടി മുതൽ 2,00,000 രൂപ വരെ നഷ്‌ടം കേരളത്തിന് സംഭവിക്കാം എന്നുള്ള അഭിപ്രായങ്ങളുണ്ട്.
ഇത്രയും പണം ഒരു വർഷം നഷ്‌ടപ്പെട്ടാൽ സാമൂഹിക ക്ഷേമ പെൻഷൻ, ശമ്പളം, വികസനം എന്നിവയ്‌ക്ക് പണമില്ലാതാകും. സംസ്ഥാനങ്ങൾക്ക് വേറെ വരുമാനം ഉണ്ടാക്കാൻ മാർഗമില്ല. എല്ലാ സംസ്ഥാനങ്ങളുടെയും ആകെ വരുമാനത്തിന്റെ 41 ശതമാനവും ജിഎസ്‌ടിയിൽ നിന്നാണ്. അത് നഷ്‌ടപ്പെട്ട് കഴിഞ്ഞാൽ വലിയ പ്രശ്‌നം ആണ്. ഈ നഷ്‌ടം നികത്താൻ എന്ത് ചെയ്യും എന്നതിൽ വ്യക്തതയില്ല. ജനങ്ങൾക്ക് ശമ്പളം ലഭിച്ചാലല്ലേ കുറഞ്ഞ വിലയ്‌ക്ക് സാധനം വാങ്ങാൻ സാധിക്കൂ' - മന്ത്രി പറഞ്ഞു.